റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് സമാധാനപരമായ ആണവോര്‍ജ്ജ ഉപയോഗങ്ങള്‍ക്കുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ നവംബറില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് നടത്തിയ യു.എസ് സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചരിത്രപ്രധാനമായ കരാര്‍ നിലവില്‍ വന്നിരിക്കുന്നത്.
സൗദി ഊര്‍ജ്ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും യു.എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാര്‍ രേഖകള്‍ കൈമാറിയത്. സാങ്കേതികവിദ്യ, അനുഭവസമ്പത്ത്, അറിവ് എന്നിവ പരസ്പരം പങ്കുവെക്കുന്നതിലൂടെ ഊര്‍ജ്ജ, വികസിത സാങ്കേതികവിദ്യാരംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ പുതിയ നീക്കം സഹായിക്കും.

ആണവ സുരക്ഷ, അണുപ്രസരണ വ്യാപനം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഈ സഹകരണം നടപ്പാക്കുന്നത്. സൗദിയുമായി സിവിലിയന്‍ ആണവ സഹകരണ കരാറിലെത്തിയ വിവരം അമേരിക്കന്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ സഹകരണ കരാറിന് പുറമെ, ആണവ സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ച മറ്റൊരു പ്രത്യേക കരാറിലും യു.എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒപ്പുവെച്ചു.
പതിറ്റാണ്ടുകള്‍ നീണ്ടുനില്ക്കുന്നതും ശതകോടി ഡോളര്‍ മൂല്യമുള്ളതുമായ ഈ പങ്കാളിത്തം ആണവ വ്യാപനം തടയല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്ന് യു.എസ് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. നിര്‍ദിഷ്ട കരാറുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി നിലവിലുള്ള നിയമനടപടികളുടെ ഭാഗമായി യു.എസ് കോണ്‍ഗ്രസിന്റെ പരിശോധനയ്ക്കായി സമര്‍പ്പിക്കും.
യു.എസ് ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വ്യാപിപ്പിക്കാനും വാഷിങ്ടണും റിയാദും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം വര്‍ധിപ്പിക്കാനും ഇത് വഴിയൊരുക്കും. കൂടാതെ, സൗദി അറേബ്യയിലെ സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ഈ ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ സാധ്യമാകും.
