ടൊറന്റോ: കാനഡയിലെ വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ കാട്ടുതീ പ്രതിസന്ധി തുടരുന്നു. ഒന്റാരിയോ ഏവിയേഷൻ, ഫോറസ്റ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് (AFFES) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മേഖലയിൽ നിലവിൽ 122 കാട്ടുതീകൾ സജീവമാണ്.ഇവയിൽ 26 എണ്ണം ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ഞായറാഴ്ച വൈകുന്നേരത്തോടെ വടക്കുപടിഞ്ഞാറൻ മേഖലയിലായി ആറു പുതിയ കാട്ടുതീകൾ കൂടി സ്ഥിരീകരിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിലെ ഏറ്റവും വലിയ കാട്ടുതീയായ തണ്ടർ ബേ 36 ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. 3,13,000 ഹെക്ടറിലധികം പ്രദേശത്താണ് തീ വ്യാപിച്ചിരിക്കുന്നത്. മേഖലയ്ക്ക് മുകളിലൂടെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ആൽബർട്ടയിൽ നിന്നുള്ള കൂടുതൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ പടരുന്നത് തടയാൻ ഫയർ ഗാർഡുകൾ നിർമ്മിക്കുന്ന ജോലികളും തുടരുന്നുണ്ട്.
ഡ്രൈഡൻ, തണ്ടർ ബേ, ഫോർട്ട് ഫ്രാൻസിസ് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവും ഒഴിപ്പിക്കൽ മുന്നറിയിപ്പും നിലവിലുണ്ട്. ഒഴിപ്പിക്കൽ ഉത്തരവുള്ള പ്രദേശങ്ങളിലുള്ളവർ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. മുന്നറിയിപ്പ് നൽകിയ മേഖലകളിലുള്ളവർ അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറായിരിക്കണമെന്നും അറിയിച്ചു.തണ്ടർ ബേ–ഇഗ്നേസ് ജില്ലയിൽ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ യാത്രാ നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. കാട്ടുതീ ബാധിച്ച മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
