Monday, July 27, 2026

ഗോർഡി ഹൗ അന്താരാഷ്ട്ര പാലം തുറന്നു; കാനഡ–യുഎസ് വ്യാപാരത്തിന് പുതിയ വഴിത്തിരിവ്

ഓട്ടവ: കാനഡയിലെ വിൻസറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലം വാഹന ഗതാഗതത്തിനായി തുറന്നു. മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നത്.വിഖ്യാത ഹോക്കി താരം ഗോർഡി ഹൗയുടെ പേരിലുള്ള ഈ പാലം 6.4 ബില്യൺ ഡോളർ ചെലവഴിച്ചാണ് നിർമ്മിച്ചത്. ആറുവരിപ്പാതയുള്ള പാലം കാനഡയുടെയും അമേരിക്കയുടെയും വ്യാപാര ബന്ധത്തിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

പാലത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട് അമേരിക്കൻ അധികൃതർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അമേരിക്കയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാതെ പാലം തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ പാലത്തിൽ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ കാനഡ മാറ്റങ്ങൾ വരുത്താൻ തയ്യാറായതോടെയാണ് തർക്കങ്ങൾക്ക് പരിഹാരമായത്.

2018-ൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ തടസ്സങ്ങൾ മൂലമാണ് വൈകിയത്. ഇപ്പോൾ പ്രവർത്തനം ആരംഭിച്ചതോടെ വിൻസർ–ഡെട്രോയിറ്റ് അതിർത്തിയിലെ ഗതാഗത തിരക്ക് കുറയ്ക്കാനും ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

കാനഡയുടെ ആകെ കയറ്റുമതിയുടെ 70 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് പോകുന്നത്. ഇതുവരെ പ്രധാനമായും ആശ്രയിച്ചിരുന്ന അംബാസഡർ പാലത്തിന് പുറമെ പുതിയ പാത ലഭിക്കുന്നതോടെ വ്യാപാര ഗതാഗതം വേഗത്തിലാകുകയും ചെലവ് കുറയുകയും ചെയ്യും.വ്യാപാരം, തൊഴിൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കാനഡയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും ഗോർഡി ഹൗ അന്താരാഷ്ട്ര പാലമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!