കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 60 ദിവസം ജയിലില്‍ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹരജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാര്‍ട്ടി ഇറക്കുന്നത്. എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹരജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡിയുടെ നീക്കം.
ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. 60 ദിവസത്തിലേറെയായി 24 പ്രവര്‍ത്തകര്‍ ജാമ്യം ലഭിക്കാതെ ജയിലിലാണ്. രണ്ടുവട്ടം സെഷന്‍സ് കോടതി ജാമ്യ ഹരജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാന്‍ ഭാഗിക കുറ്റപത്രം നല്കാന് അന്വേഷണ സംഘവും നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ജയലില്‍ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനുമാകില്ല.

ഇഡിയും കേസില്‍ കക്ഷി ചേര്‍ന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികള്‍ ഹൈക്കോടതിയിലേക്കെത്തിയത്. പതികള്‍ക്കായി മുന്‍ ഡിജിപി ടി.എ ഷാജി, എജി ഗോപാലകൃഷ്ണന് കുറുപ്പ്, മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരായ വിജയഭാനു, എസ്.രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയില്‍ ഹാജരാകുന്നത്.
