മനാമ: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം. ജൂലൈ 30-ലെ സർവീസുകൾക്കായുള്ള പുതുക്കിയ സമയക്രമം എയർലൈൻ അധികൃതർ പുറത്തിറക്കി. യാത്രക്കാർ പുതുക്കിയ ഷെഡ്യൂൾ പരിശോധിച്ചശേഷം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
പുതുക്കിയ സമയക്രമമനുസരിച്ച്, കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഇൻഡിഗോ വിമാനം വൈകിട്ട് 4.55ന് പുറപ്പെട്ട് രാത്രി 8.00ന് ബഹ്‌റൈനിൽ എത്തിച്ചേരും.ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള മടക്ക സർവീസ് രാത്രി 8.45ന് പുറപ്പെട്ട് പുലർച്ചെ 4.35ന് കൊച്ചിയിലെത്തും.
മുംബൈയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള സർവീസ് വൈകുന്നേരം 5.40ന് പുറപ്പെട്ട് രാത്രി 7.45ന് ബഹ്‌റൈനിൽ എത്തും. ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കുള്ള മടക്കയാത്ര രാത്രി 8.45ന് പുറപ്പെട്ട് പുലർച്ചെ 3.40ന് മുംബൈയിൽ എത്തിച്ചേരുമെന്ന് ഇൻഡിഗോ അറിയിച്ചു.

വിമാന സമയത്തിൽ മാറ്റം വന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിങ് വിവരങ്ങളും പുറപ്പെടുന്ന സമയവും മുൻകൂട്ടി പരിശോധിക്കണമെന്നും, ആവശ്യമായ സമയം മുൻപേ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
