ഓട്ടവ: സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് കാനഡയിലും അമേരിക്കയിലുമായി വിറ്റഴിച്ച ആയിരക്കണക്കിന് ചൈല്‍ഡ് കാര്‍ സീറ്റുകള്‍ നിര്‍മ്മാതാക്കളായ ‘ഈവന്‍ഫ്ലോ’ (Evenflo) തിരിച്ചുവിളിക്കുന്നു. സീറ്റിന്റെ ഹെഡ്റെസ്റ്റിലുള്ള സാങ്കേതിക തകരാറാണ് ഈ നടപടിക്ക് കാരണം.
2025 ഫെബ്രുവരി മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച് കാനഡയില്‍ വിറ്റഴിച്ച 6,200-ലധികം യൂണിറ്റുകളെ ഈ പ്രശ്നം ബാധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കാനഡ (Transport Canada) വ്യക്തമാക്കി. വാഹനാപകട സമയത്ത് സീറ്റ് മുന്നോട്ട് അഭിമുഖമായി (forward-facing) ഘടിപ്പിക്കുകയും ഹെഡ്റെസ്റ്റ് 10 അല്ലെങ്കില്‍ 11 പൊസിഷനില്‍ വെക്കുകയും ചെയ്യുമ്പോള്‍ ഹെഡ്റെസ്റ്റിന്റെ സ്ഥാനം മാറുവാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ സുരക്ഷാ നിയമപ്രകാരം അപകടസമയത്ത് ഹെഡ്റെസ്റ്റ് മാറ്റമില്ലാതെ തുടരേണ്ടതുണ്ട്.

കാനഡയില്‍ വിറ്റഴിച്ച CS260212521C (Brookline), CS260212538C (Danvers) എന്നീ മോഡല്‍ നമ്പറുകളിലുള്ള ഉല്‍പ്പന്നങ്ങളെയാണ് ഇത് ബാധിച്ചിട്ടുള്ളത്. 2025 മാര്‍ച്ച് മുതല്‍ വിപണിയിലുള്ളതാണ് ഈ മോഡലുകള്‍.
അതേസമയം, ഈ തകരാറ് മൂലമുള്ള അപകടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സീറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ ഹെഡ്റെസ്റ്റ് 10, 11 പൊസിഷനുകളില്‍ വെക്കാതെ മുന്നോട്ട് അഭിമുഖമായും, 11-ാം പൊസിഷന്‍ ഒഴിവാക്കി പിന്നോട്ട് അഭിമുഖമായും (rear-facing) ഉപയോഗിക്കാമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. തകരാറ് പരിഹരിക്കാനുള്ള സൗജന്യ റിപ്പയര്‍ കിറ്റും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഈവന്‍ഫ്ലോ കമ്പനിയുമായി ബന്ധപ്പെടാം.
യു.എസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഏകദേശം 60,000 സീറ്റുകളെ ഈ തകരാറ് ബാധിച്ചിട്ടുണ്ട്.
