ടൊറന്റോ: ടൊറന്റോയില്‍ ഈ വര്‍ഷത്തെ ആദ്യ വെസ്റ്റ് നൈല്‍ വൈറസ് കേസ് സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. എന്നാല്‍ രോഗബാധിതനായ വ്യക്തിക്ക് എവിടെ വച്ചാണ് കൊതുകുകടിയേറ്റതെന്ന വിവരം ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടില്ല. നഗരത്തില്‍ കഴിഞ്ഞ വര്‍ഷം 26 പേര്‍ക്കും, 2024-ല്‍ 14 പേര്‍ക്കും വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ നഗരവാസികളില്‍ രോഗം പടരാനുള്ള സാധ്യത കുറവാണെങ്കിലും പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്കുന്നു. പുറത്തിറങ്ങുമ്പോള്‍ കൈകാലുകള്‍ പൂര്‍ണ്ണമായി മൂടുന്ന നേര്‍ത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും, ഹെല്‍ത്ത് കാനഡ അംഗീകരിച്ച കൊതുക് നിവാരിണികള്‍ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

കാതുകുകടിയേറ്റ് രണ്ടു മുതല്‍ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പനി, ശക്തമായ തലവേദന, ഓക്കാനം, ഛര്‍ദ്ദി, ശരീരവേദന, ചര്‍മ്മത്തില്‍ തിണര്‍പ്പ്, കഴുത്തു വേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കൊതുകുകള്‍ കൂടുതല്‍ സജീവമാകുന്ന സന്ധ്യാ സമയത്തും പുലര്‍ച്ചെയും പ്രത്യേക ജാഗ്രത പുലര്‍ത്തണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും, കൊതുക് പെരുകാന്‍ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയും വേണം. ജനലുകളിലും വാതിലുകളിലും കൊതുക് വലകള്‍ കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.
എല്ലാ വര്‍ഷവും ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ നഗരത്തില്‍ കൊതുകുകളെ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം പ്രത്യേക നിരീക്ഷണം നടത്താറുണ്ട്. ഇതിനായി നഗരത്തിലുടനീളം 22 കേന്ദ്രങ്ങളിലാണ് ആഴ്ചയിലൊരിക്കല്‍ സാംപിളുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ആഴ്ച അയല്‍പ്രദേശമായ യോര്‍ക്ക് റീജിയണിലെ കൊതുകുകളിലും വെസ്റ്റ് നൈല്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
