Thursday, July 30, 2026

ഇക്വലൈസേഷന്‍ പദ്ധതിയില്‍ മാറ്റം വേണം; മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ട് ഡാനിയല്‍ സ്മിത്ത്

എഡ്മിന്റന്‍: കാനഡയിലെ ഫെഡറല്‍-പ്രവിശ്യാ സമീകരണ ധനസഹായ പദ്ധതിയില്‍ (Equalization Plan) മാറ്റം വരുത്തണമെന്ന ആവശ്യവുമായി ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത്. റെഡ് ഡിയറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സ്മിത്ത് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവിശ്യകള്‍ക്ക് (‘have-not’ provinces) 7 ബില്യണ്‍ ഡോളറിലധികം അധിക ധനസഹായം നല്‍കിയിട്ടുണ്ടെന്ന് ആല്‍ബര്‍ട്ട സര്‍ക്കാര്‍ കണക്കാക്കുന്നു. ‘ധനസഹായ തുകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുക എന്നതാണ് എന്റെ പ്രധാന നിര്‍ദ്ദേശം. ആവശ്യത്തിനനുസരിച്ച് മാത്രം തുക അനുവദിക്കുകയും, അതിനുശേഷം ഫണ്ടില്‍ ബാക്കിയുള്ള തുക ജനസംഖ്യാടിസ്ഥാനത്തില്‍ എല്ലാ പ്രവിശ്യകള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കുകയും ചെയ്യുക,’ ഡാനിയല്‍ സ്മിത്ത് പറഞ്ഞു.

‘ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ രാജ്യത്തെ എല്ലാ കനേഡിയന്‍മാര്‍ക്കും തത്തുല്യമായ സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയാണ് പ്രധാനെന്ന് മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. ഇതിനായി എല്ലാ പ്രവിശ്യകള്‍ക്കും തുല്യമായ സാമ്പത്തിക ശേഷി ഉണ്ടാകണം,’ കാര്‍ണി പറഞ്ഞു. വരാനിരിക്കുന്ന പുനരവലോകന വേളയില്‍ വിഭവങ്ങളുടെ വിതരണ ഫോര്‍മുല പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പ്രവിശ്യകളുടെ സാമ്പത്തിക ശേഷി കണക്കാക്കിയാണ് നിലവില്‍ ഫെഡറല്‍ സര്‍ക്കാര്‍ സമീകരണ ഗ്രാന്‍ഡുകള്‍ നല്‍കുന്നത്. 2006-ലെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ ഫോര്‍മുല. ആല്‍ബര്‍ട്ടയുടെ സ്വന്തം വികസന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം ലഭ്യമാകുന്ന രീതിയില്‍ ഈ ഫോര്‍മുല തിരുത്തിയെഴുതണമെന്ന് പ്രീമിയര്‍ സ്മിത്ത് മുന്‍പും ആവശ്യപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!