ഓട്ടവ: കൃത്രിമ ബുദ്ധി (AI) സംവിധാനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ കാനഡ ഫെഡറൽ സർക്കാർ പൊതുചർച്ച ആരംഭിച്ചു. എഐ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന സാഹചര്യത്തിൽ, അതിന്റെ ഉപയോഗത്തിലും പ്രവർത്തനരീതിയിലും കൂടുതൽ വ്യക്തത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ അറിയിച്ചു.
എഐ സൃഷ്ടിച്ച ഉള്ളടക്കവും യഥാർഥ മനുഷ്യർ സൃഷ്ടിക്കുന്ന ഉള്ളടക്കവും തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. “നിങ്ങൾ ആശയവിനിമയം നടത്തുന്നത് ഒരു എഐ സംവിധാനവുമായി ആണോ, അതോ യഥാർഥ വ്യക്തിയുമായാണോ? നിങ്ങൾ കാണുന്ന ഉള്ളടക്കം എഐ നിർമിച്ചതാണോ?” തുടങ്ങിയ ചോദ്യങ്ങളാണ് ചർച്ചയുടെ ഭാഗമായി സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.
എഐ സംവിധാനങ്ങളുടെ കഴിവുകളും പരിമിതികളും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്. എഐയുമായി ബന്ധപ്പെട്ട ഗുരുതര സംഭവങ്ങൾ നിരീക്ഷിക്കുന്ന സംവിധാനവും നടപ്പാക്കുന്നത് പരിഗണനയിലാണ്.

എഐ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ‘പ്രോംപ്റ്റ് ഇൻജക്ഷൻ’ പോലുള്ള സൈബർ ആക്രമണങ്ങളിലൂടെ തെറ്റായ നിർദേശങ്ങൾ നടപ്പാക്കാനും ഡാറ്റ ചോർച്ചയ്ക്കും സാമ്പത്തിക തട്ടിപ്പുകൾക്കും സാധ്യതയുണ്ടെന്ന് സർക്കാർ ചർച്ചാപത്രത്തിൽ വ്യക്തമാക്കി.
ഉപയോക്താക്കൾക്കായി ഇ-മെയിൽ അയയ്ക്കുക, ഷോപ്പിംഗ് നടത്തുക, മീറ്റിങുകൾ ക്രമീകരിക്കുക തുടങ്ങിയ ജോലികൾ നിർവഹിക്കുന്ന എഐ ഏജന്റുമാരുടെ പ്രവർത്തനം വ്യക്തമായി തിരിച്ചറിയാനുള്ള സംവിധാനങ്ങളും പരിഗണനയിലുണ്ട്.
എഐ സൃഷ്ടിച്ച ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകേണ്ടതുണ്ടോ, നിലവിലുള്ള സ്വമേധയാ പാലിക്കുന്ന ചട്ടങ്ങളും വ്യവസായ മാനദണ്ഡങ്ങളും മതിയാകുന്നുണ്ടോ, അതോ കൂടുതൽ നിയമനിർമാണം ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളിലാണ് പൊതുജന അഭിപ്രായം തേടുന്നത്.

സെപ്റ്റംബർ 23 വരെയാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരം. ഇതിനൊപ്പം, എഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന കമ്പനികൾക്ക് ഉത്തരവാദിത്തപരമായ പ്രവർത്തനം ഉറപ്പാക്കുന്ന ഡിജിറ്റൽ സുരക്ഷാ നിയമനിർദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വ്യക്തമായ അടയാളപ്പെടുത്തൽ നൽകാനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്.കനേഡിയൻ പൗരന്മാർക്കും ബിസിനസുകൾക്കും ഗവേഷകർക്കും ഓൺലൈൻ സർവ്വേയിലൂടെയോ എഴുതി തയ്യാറാക്കിയ അഭിപ്രായങ്ങൾ വഴിയോ പൊതുചർച്ചയിൽ പങ്കെടുക്കാം.
വ്യക്തികളെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങളിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ സുതാര്യത പാലിക്കണമെന്ന സ്വകാര്യതാ നിയമ നിർദേശവും അവതരിപ്പിച്ചിട്ടുണ്ട്. സമ്മതമില്ലാതെ ലൈംഗിക ഡീപ്ഫേക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയും കാനഡയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
