Saturday, August 1, 2026

സാസ്കറ്റൂണിൽ നദിയിൽ കാണാതായ യുവതിക്കായി തിരച്ചിൽ തുടരുന്നു

റെജൈന: കാനഡയിലെ സാസ്കറ്റൂണിൽ സൗത്ത് സസ്കാച്വാൻ നദിയിൽ കാണാതായ യുവതിക്കും വളർത്തുനായ്ക്കും വേണ്ടി അഗ്നിരക്ഷാസേനയും പൊലീസും വ്യാപക തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് നദിയിൽ ഒരു യുവതിയെയും നായയെയും കണ്ടതായി അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. സർകിൾ ഡ്രൈവ് നോർത്ത് പാലത്തിന് സമീപം നദിയുടെ കിഴക്കൻ കരയോടു ചേർന്നാണ് യുവതിയെ അവസാനമായി കണ്ടതെന്ന് സാസ്കറ്റൂൺ ഫയർ ചീഫ് ഡഗ് വെഗ്രൻ അറിയിച്ചു.

ബോട്ട് സർവീസുകൾ, മുങ്ങൽ വിദഗ്ധർ, ഡ്രോണുകൾ, അണ്ടർവാട്ടർ സോണാർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ആദ്യ മണിക്കൂറിൽ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെയാണ് നദിക്കടിയിലെ അസ്വാഭാവികമായ വസ്തുക്കൾ കണ്ടെത്താൻ സോണാർ സംവിധാനം ഉപയോഗിച്ച് ഗ്രിഡ് മാതൃകയിൽ തിരച്ചിൽ വിപുലമാക്കിയത്.

നദീതീരങ്ങളിൽ സാസ്കറ്റൂൺ പൊലീസ് നേരിട്ട് തിരച്ചിൽ നടത്തുമ്പോൾ കോർമാൻ പാർക്ക് പൊലീസിന്റെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണവും നടത്തുന്നുണ്ട്. അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരോ മറ്റെന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ സാസ്കറ്റൂൺ പൊലീസിന്റെ നോൺ-എമർജൻസി നമ്പറായ 306-975-8300 ൽ ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി എങ്ങനെ നദിയിൽപ്പെട്ടുവെന്നത് വ്യക്തമല്ല.നദിയിലെ ഒഴുക്ക് രണ്ടാഴ്ച മുൻപത്തേതിനെക്കാൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഒഴുക്ക് ഇപ്പോഴും അപകടകരമാണെന്നും പൊതുജനങ്ങൾ നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ജൂണിൽ ഇതേ നദിയിലെ വെയറിന് സമീപം ജെറ്റ് സ്കി അപകടത്തിൽ കാണാതായ 32-കാരന്റെ മൃതദേഹം രണ്ടാഴ്ചത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയിരുന്നത്. അതിനാൽ നിലവിലെ സംഭവത്തിലും രക്ഷാസേന അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ നടത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!