ഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (EPFO) 1816.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ നിക്ഷേപ ഇടപാടിൽ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിനും (RCL) വ്യവസായി അനിൽ അംബാനിക്കുമെതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2013-14 കാലയളവിൽ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ (NCD) ഇപിഎഫ്ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ 2023-24 വർഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന തുകയിൽ നിന്ന് 1816.22 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇപിഎഫ്ഒ നൽകിയ പരാതിയിൽ പറയുന്നത്.നിക്ഷേപിച്ച തുകയിൽ നിന്നുള്ള 1007.55 കോടിയും ലഭിക്കേണ്ടിയിരുന്ന പലിശയായ 808.67 കോടിയും ഉൾപ്പെടെയാണ് നഷ്ടം സംഭവിച്ചതെന്നാണ് പരാതി.
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന വിഹിതവും തൊഴിലുടമകളുടെ സംഭാവനയുമാണ് ഇപിഎഫ്ഒയുടെ പ്രധാന നിക്ഷേപ അടിസ്ഥാനം. ഈ ഫണ്ടാണ് തൊഴിലാളികൾക്ക് പലിശ നൽകുന്നതിനും പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും ഉപയോഗിക്കുന്നത്.

റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ഇടപാടുകളിൽ സിബിഐ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഹൗസിങ് ഫിനാൻസ്, റിലയൻസ് കമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് ടെലികോം തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് നേരത്തെ അന്വേഷണങ്ങൾ നടന്നത്.
ഇപിഎഫ്ഒ നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ സിബിഐ അന്വേഷണം തൊഴിലാളികളുടെ ആശങ്കകൾക്ക് പിന്നാലെയാണ്. പ്രോവിഡന്റ് ഫണ്ട് തുകയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലും നിക്ഷേപ തീരുമാനങ്ങളിലെ സുതാര്യതയും സംബന്ധിച്ച് തൊഴിലാളി സംഘടനകൾ നേരത്തെ തന്നെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇപിഎഫ്ഒയുടെ ആകെ നിക്ഷേപം 28.34 ലക്ഷം കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപത്രങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ലിക്വിഡ് ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) നിക്ഷേപം 9.5 ശതമാനമാണ്.
