ടൊറന്റോ: കാനഡയിലെ പീൽ റീജനിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബ്രാംപ്ടണിലെ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിനും കെന്നഡി റോഡ് നോർത്തിനും സമീപ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വഹിക്കുന്ന കൊതുകുകളെ കണ്ടെത്തിയത്. പീൽ പബ്ലിക് ഹെൽത്ത് അധികൃതരാണ് വിവരം സ്ഥിരീകരിച്ചത്.
വെസ്റ്റ് നൈൽ വൈറസ് പകരുന്ന കൊതുകുകൾ സാധാരണയായി സന്ധ്യാസമയത്തും പുലർച്ചെയുമാണ് കൂടുതൽ സജീവമാകുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കൊതുകുകടിയിൽ നിന്ന് സംരക്ഷണം നേടാൻ ഡിറ്റ് (DEET) അല്ലെങ്കിൽ Icaridin അടങ്ങിയ കീടനാശിനി റിപ്പല്ലന്റുകൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വീടുകളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും കൊതുകുകളുടെ വളർച്ച തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ആരോഗ്യവിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു.
വെസ്റ്റ് നൈൽ വൈറസ് ബാധിച്ചാൽ 50 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും പുലർച്ചെയുമുള്ള സമയങ്ങളിൽ കൊതുകുകടിയൊഴിവാക്കാൻ ബ്രാംപ്ടൺ നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
