ഒന്റാരിയോ: സി20 റെസിപ്രോക്കല്‍ എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റ് (C20 Reciprocal Employment Work Permit) സംബന്ധിച്ച് അടുത്തിടെ പുറപ്പെടുവിച്ച നയമാറ്റം ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പിന്‍വലിച്ചു. വിദേശ കമ്പനിയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കൂ എന്ന വ്യവസ്ഥ വെബ്സൈറ്റില്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും അത് സര്‍ക്കാരിന്റെ ഔദ്യോഗിക നയമല്ലെന്നും വകുപ്പ് വ്യക്തത വരുത്തി.
ജൂലൈ 29-ന് ഉദ്യോഗസ്ഥര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി പ്രകാരം, കാനഡയിലെത്തിയ ശേഷമാണ് ജോലി ആരംഭിക്കുന്നതെങ്കില്‍ സി20 വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ലെന്നും അപേക്ഷകന്‍ വിദേശ കമ്പനിയില്‍ ഇതിനകം ജോലി ചെയ്തിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് IRCC അറിയിച്ചു. തുടര്‍ന്ന് ഈ വ്യവസ്ഥ പൂര്‍ണമായും നീക്കം ചെയ്യുകയായിരുന്നു.

ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാമിന്റെ (IMP) ഭാഗമായുള്ള സി20 വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) ആവശ്യമില്ല. അതിനാല്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (TFWP) വഴിയുള്ള സാധാരണ വര്‍ക്ക് പെര്‍മിറ്റുകളെ അപേക്ഷിച്ച് ഇവ വേഗത്തിലും ലളിതമായും ലഭിക്കും. കാനഡയില്‍ വിദേശ തൊഴിലാളിയെ നിയമിക്കുന്നതിലൂടെ കാനഡക്കാരോ സ്ഥിരതാമസക്കാരോ വിദേശത്ത് സമാന തൊഴിലവസരങ്ങള്‍ നേടുന്ന തരത്തിലുള്ള പരസ്പര തൊഴില്‍ ക്രമീകരണങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ പെര്‍മിറ്റ് അനുവദിക്കുന്നത്.
