വാഷിങ്ടണ്‍: അമേരിക്കയില്‍ താല്‍ക്കാലിക സംരക്ഷണ പദവിയില്‍ (TPS) കഴിഞ്ഞിരുന്ന 3.5 ലക്ഷത്തോളം ഹെയ്തി പൗരന്മാരുടെ തൊഴില്‍ അനുമതിയും നിയമപരമായ താമസാവകാശവും റദ്ദാക്കി നാടുകടത്തല്‍ നടപടികള്‍ക്ക് തുടക്കമിടാന്‍ യു.എസ് ഫെഡറല്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് അന സി. റെയിസ് പിന്‍വലിച്ചതോടെയാണ് ട്രംപ് ഭരണകൂടത്തിന് നാടുകടത്തലുമായി മുന്നോട്ട് പോകാന്‍ വഴിതെളിഞ്ഞത്. താല്‍ക്കാലിക അഭയപദവി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഭരണഘടനാപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ 6-3 വിധി മാനിച്ചാണ് ഫെഡറല്‍ കോടതി നിയമതടസ്സം പൂര്‍ണ്ണമായി നീക്കിയത്.
ഹെയ്തി പൗരന്മാരെയാണ് ഈ ഉത്തരവ് നേരിട്ട് ബാധിക്കുന്നതെങ്കിലും, അമേരിക്കയിലുള്ള ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഈ നീക്കം വലിയ രീതിയിലുള്ള ആശങ്ക ഉയര്‍ത്തുന്നുണ്ട്. യുദ്ധമോ പ്രകൃതിദുരന്തങ്ങളോ നേരിടുന്ന രാജ്യങ്ങളിലെ പൗരന്മാര്ക്ക് നല്‍കിവരുന്ന ടി.പി.എസ് ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ബാധകമല്ലെങ്കിലും, കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ യു.എസ് ഭരണകൂടവും കോടതികളും കൈക്കൊള്ളുന്ന കടുത്ത നിലപാടിന്റെ വ്യക്തമായ സൂചനയാണിത്. താല്‍ക്കാലിക ഇളവുകള്‍ റദ്ദാക്കാനും നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കാനും ഭരണകൂടത്തിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി ശരിവെച്ചതോടെ, മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാര്‍ വലിയ ഭീഷണിയിലാണ്. അടുത്ത കാലത്തായി ആയിരത്തിലധികം ഇന്ത്യക്കാരെയാണ് യു.എസ് ഇമിഗ്രേഷന്‍ വിഭാഗം ഇതിനകം തിരിച്ചയച്ചത്.

അമേരിക്കയിലെ മൂന്ന് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയിലേക്കും പുതിയ നിയമപരിഷ്കാരങ്ങള്‍ കരിനിഴല്‍ വീഴ്ത്തുന്നു. പഠനം പൂര്‍ത്തിയാകുന്നത് വരെ രാജ്യത്ത് തങ്ങാന്‍ അനുവദിച്ചിരുന്ന ‘ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്’ സംവിധാനം അവസാനിപ്പിച്ച്, 2 മുതല്‍ 4 വര്‍ഷം വരെയുള്ള കൃത്യമായ കാലാവധി നടപ്പിലാക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് നീക്കം നടത്തുകയാണ്. ഇതിനൊപ്പം സെവിസ് (SEVIS) മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ, ചെറിയ സാങ്കേതിക പിഴവുകള്‍ പോലും പഠനാനുമതി റദ്ദാക്കുന്നതിനും നാടുകടത്തലിനും കാരണമാകാം. പഠനശേഷമുള്ള എച്ച്-1ബി (H-1B), ഒ.പി.ടി (OPT) തൊഴില്‍ വീസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് വിദേശ പ്രൊഫഷണലുകളുടെ ഭാവി പ്രതീക്ഷകളെയും സാരമായി ബാധിക്കും.
