ഓട്ടവ: വർധിച്ചുവരുന്ന ജീവിതച്ചെലവ് കാനഡയിലെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്തെ നാലിലൊന്ന് ആളുകളും ക്രെഡിറ്റ് കാർഡ് ബില്ലിന്റെ മിനിമം തുക മാത്രം അടയ്ക്കാൻ പദ്ധതിയിടുന്നതായി എക്വിഫാക്സ് കാനഡ നടത്തിയ സർവേ വ്യക്തമാക്കുന്നു.
1,500-ലധികം പ്രായപൂർത്തിയായ കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേയിൽ, നിത്യജീവിതത്തിലെ ചെലവുകൾ നിറവേറ്റാൻ കൂടുതൽ പേർ ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നതായും കണ്ടെത്തി. സർവേയിൽ പങ്കെടുത്തവരിൽ ഏഴ് ശതമാനം പേർക്ക് ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ വീഴ്ച വരുമോയെന്ന ആശങ്കയുണ്ട്. അതേസമയം, 56 ശതമാനം പേർക്ക് മാത്രമാണ് എല്ലാ മാസവും മുഴുവൻ ബില്ലും അടയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷ.
പ്രതിദിന ചെലവുകൾ നിറവേറ്റാൻ 29 ശതമാനം പേർ ക്രെഡിറ്റ് കാർഡിനെയും വ്യക്തിഗത സമ്പാദ്യത്തെയും ഒരുപോലെ ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജീവിതച്ചെലവിലെ വർധനവിനെ തുടർന്ന് 35 ശതമാനം പേർ ഭാവിയിലേക്കുള്ള സമ്പാദ്യം കുറയ്ക്കാൻ നിർബന്ധിതരായി. സർവേയിൽ പങ്കെടുത്ത 40 ശതമാനം പേർ, ഒരു വർഷം മുമ്പിനെ അപേക്ഷിച്ച് ഇപ്പോൾ ജീവിതച്ചെലവുകൾക്കായി കൂടുതൽ തുക ചെലവഴിക്കുന്നതായി അറിയിച്ചു.
ആഹാരം, യൂട്ടിലിറ്റി ബില്ലുകൾ, മറ്റ് ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ 29 ശതമാനം പേർ ക്രെഡിറ്റ് സൗകര്യം കൂടുതൽ ഉപയോഗിക്കുന്നുണ്ട്. ചെലവ് നിയന്ത്രിക്കുന്നതിനായി 67 ശതമാനം പേർ വിനോദച്ചെലവുകളും 40 ശതമാനം പേർ വ്യക്തിഗത പരിചരണത്തിനുള്ള ചെലവുകളും വെട്ടിക്കുറച്ചതായും സർവേ വ്യക്തമാക്കുന്നു.

വിദഗ്ധരുടെ മുന്നറിയിപ്പ്
താൽക്കാലിക സാമ്പത്തിക ആശ്വാസത്തിനായാണ് പലരും ക്രെഡിറ്റ് കാർഡിന്റെ മിനിമം തുക മാത്രം അടയ്ക്കുന്നത്. എന്നാൽ ഈ രീതി ദീർഘകാലത്തിൽ ഉയർന്ന പലിശഭാരത്തിനും കടബാധ്യത വർധിക്കുന്നതിനും കാരണമാകുമെന്ന് എക്വിഫാക്സ് കാനഡ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന് മുമ്പ് ബാങ്കുകളുമായോ സാമ്പത്തിക ഉപദേഷ്ടാക്കളുമായോ കൂടിയാലോചിച്ച് തിരിച്ചടവിന് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.സർവേ പ്രകാരം കുട്ടികളുള്ള കുടുംബങ്ങളും 55 വയസ്സിന് താഴെയുള്ളവരുമാണ് നിലവിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സമ്മർദം നേരിടുന്ന വിഭാഗങ്ങൾ.
