യുപിഐ (UPI) ഇടപാടുകള്‍ക്ക് സേവനനിരക്ക് ഏര്‍പ്പെടുത്തുമെന്ന പ്രചാരണങ്ങള്‍ തള്ളി പേയ്മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും സാധാരണക്കാരില്‍ നിന്ന് യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്നും പിസിഐ വ്യക്തമാക്കി. ചെറുകിട വ്യാപാരികള്‍ക്കും ഇത് ബാധകമല്ല. മെര്‍ച്ചന്റ് സര്‍വീസ് ചാര്‍ജുകള്‍ നിലവിലുണ്ടെങ്കില്‍ അത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള വിഷയം മാത്രമാണെന്നും ഉപഭോക്താക്കളെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.
2016-ല്‍ ആരംഭിച്ചതുമുതല്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ നിലവില്‍ യാതൊരു നിര്‍ദ്ദേശവുമില്ലെന്നും എക്സിലൂടെ (X) പിസിഐ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് നിര്‍ണായക പങ്കുവഹിക്കുന്ന യുപിഐ, ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് (Taxation and Other Laws) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഈ വിശദീകരണം. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും വ്യാപാരികളില്‍നിന്ന് ഈടാക്കുന്ന തുകയാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR). ഇടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കല്ല, മറിച്ച് വ്യാപാരികള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്.
