ടൊറന്റോ: പോലീസ് അന്വേഷണം നേരിടുന്ന ടൊറോന്റോ കൗണ്‍സിലര്‍ പാര്‍ഥി കണ്ടവേല്‍ (Parthi Kandavel) വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സ്‌കാര്‍ബ്‌റോ സൗത്ത് വെസ്റ്റ് (Ward 20 Scarborough Southwest) വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കണ്ടവേല്‍, വെള്ളിയാഴ്ചയാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. 2023-ലെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ച ഈ സീറ്റിലേക്ക് ഇതുവരെ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.
ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് (OPP) കണ്ടവേലിനെതിരെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും, ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തന്റെ വാര്‍ഡിലെ രണ്ട് പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. കെന്നഡി റോഡിലെ ഒരു ബഹുനില കെട്ടിട നിര്‍മ്മാണ പദ്ധതി വേഗത്തിലാക്കാന്‍ കണ്ടവേല്‍ പണം ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. മറ്റൊരു വികസന പദ്ധതി മുന്‍പോട്ട് കൊണ്ടുപോകുന്നതിനായി വന്‍ തുക ആവശ്യപ്പെട്ടതായി ഒരു ഡെവലപ്പറുടെ പ്രതിനിധിയും വ്യക്തമാക്കി.

അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ കുറ്റപത്രമൊന്നും സമര്‍പ്പിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ താന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും മേയ് മാസത്തില്‍ നല്‍കിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കണ്ടവേല്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26-നാണ് ടൊറോന്റോയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
