വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റും എണ്പത്തിമൂന്നുകാരനുമായ ജോ ബൈഡന്റെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി തുടരുന്നതായി മകന് ഹണ്ടര്‍ ബൈഡന്. അദ്ദേഹത്തെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ അസ്ഥികളിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും പടര്‍ന്നതായി മകന് വെളിപ്പെടുത്തി. ബിബിസിക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് പിതാവ് കടന്നുപോകുന്ന കടുത്ത വേദനയെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഹണ്ടര്‍ വിശദീകരിച്ചത്.
വൈറ്റ് ഹൗസിന്റെ പടിയിറങ്ങി നാല് മാസങ്ങള്‍ക്ക് ശേഷം, 2025 മേയ് മാസത്തിലാണ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നിലവില്‍ കാന്‍സര്‍ കോശങ്ങള്‍ അസ്ഥികളിലേക്ക് വ്യാപിച്ചതിനാല്‍ അതികഠിനമായ വേദനയിലൂടെയും വലിയ അവശതയിലൂടെയുമാണ് അദ്ദേഹം കടന്നുപോകുന്നതെന്ന് ഹണ്ടര്‍ പറഞ്ഞു. പിതാവിന്റെ ശാരീരികക്ഷമത കുറയുന്നത് കാണുമ്പോള്‍ വലിയ വിഷമമുണ്ടെന്നും, സ്വന്തം ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ തുറന്നുപറഞ്ഞിരുന്നെങ്കിലെന്നും ഹണ്ടര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും രാജ്യത്തോടുള്ള സ്നേഹം കാരണം അദ്ദേഹം ഇപ്പോഴും പൊതുജീവിതത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് ഹണ്ടര്‍ പറയുന്നു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ഇപ്പോഴും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഇതിന് പുറമെ, വരാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ‘പ്രോമിസ് മീ, അമേരിക്ക’ എന്ന പേരില്‍ ജോ ബൈഡന് തന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്.
അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ പ്രായവും ആരോഗ്യവും വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ പ്രസിഡന്റായിരുന്ന സമയത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുടെ വ്യാപ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ബൈഡനും മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ക്കുമെതിരെ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയത്. പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു.
