Thursday, August 13, 2026

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍, കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണം നടത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ഒരുവിധ വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കരാറില്‍ യാതൊരുവിധ സുതാര്യതയും ഇല്ലെന്ന കായിക വകുപ്പിന്റെ കണ്ടെത്തലാണ് തുടരന്വേഷണത്തിലേക്ക് വഴിവെച്ചത്.അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും, പണം കൈമാറിയതിനോ എഎഫ്എ അത് കൈപ്പറ്റിയതിനോ ഉള്ള ഒരു രേഖയും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. സര്‍ക്കാരും എഎഫ്എയും തമ്മിലോ സ്‌പോണ്‍സറുമായിട്ടോ യാതൊരു കരാറും ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ചട്ടങ്ങള്‍ മറികടന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം വ്യാജമാണെന്നും, ഇതിന്റെ മറവില്‍ സാമ്പത്തിക വഞ്ചന ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഫിഫയുടെയോ മറ്റു അതോറിറ്റികളുടെയോ അംഗീകാരമില്ലാതെ നടത്തിയ ഈ പ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും കായിക വകുപ്പ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അതിനോടൊപ്പം കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറിയതില്‍ കടുത്ത വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ടാഴ്ച മുന്‍പ് സ്‌പെഷ്യല്‍ സെക്രട്ടറി സമര്‍പ്പിച്ച ഈ ഗുരുതര കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!