വിനിപെഗ്: ഭാവിയിലെ മഹാമാരികളെ നേരിടുന്നതിനായി കാനഡ വിനിപെഗിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന 267 മില്യൺ ഡോളറിന്റെ മെഡിക്കൽ കൗണ്ടർമെഷേഴ്സ് ലാബിന് മുന്നിൽ ദീർഘകാല ധനസഹായം, വിദഗ്ധ ജീവനക്കാരുടെ ലഭ്യത, ഭരണസംവിധാനം എന്നിവയുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികളുണ്ടെന്ന് വിദഗ്ധർ.
നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതി കാരണം വാക്സിനുകൾ, ചികിത്സാ മാർഗങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ എന്നിവയുടെ പ്രാരംഭഘട്ട പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ കാനഡയിൽ പരിമിതമാണ്. ഈ വിടവ് നികത്തുകയാണ് പുതിയ ലാബിന്റെ പ്രധാന ലക്ഷ്യം. വിനിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിക്ക് സമീപമാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്.
പദ്ധതിക്കായി 10.2 മില്യൺ ഡോളറിന്റെ ഡിസൈൻ കരാർ കഴിഞ്ഞയാഴ്ച ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലാബിന്റെ നിർമാണം പൂർത്തിയാക്കി 2033ൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ കേന്ദ്രത്തിൽ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കും. ലബോറട്ടറിയിലും മൃഗങ്ങളിലുമുള്ള പരിശോധനകൾ ഉൾപ്പെടുന്ന ഈ ഘട്ടം, വാക്സിൻ അല്ലെങ്കിൽ മറ്റ് ചികിത്സാ മാർഗങ്ങൾ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പുള്ള നിർണായക ഘട്ടമാണ്.

നിലവിൽ സ്ഥലപരിമിതി കാരണം നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിലെ ചില ഗവേഷണ സൗകര്യങ്ങൾ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ട്. എബോള പോലുള്ള അപകടകാരികളായ രോഗാണുക്കളുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി ഉദ്ദേശിച്ച ഇടങ്ങൾ പോലും ചിലപ്പോൾ ഇതിനായി ഉപയോഗിക്കുന്നതായി അധികൃതർ പറയുന്നു.
കാനഡയിലെ സർവകലാശാലാ ഗവേഷകർക്ക് വാക്സിൻ ഗവേഷണത്തിൽ നിന്ന് പ്രാരംഭ മനുഷ്യപരീക്ഷണങ്ങളിലേക്ക് കടക്കുമ്പോൾ ആവശ്യമായ ടെസ്റ്റ് ബാച്ചുകൾ നിർമ്മിക്കാനുള്ള പ്രാദേശിക ക്ലീൻറൂം സൗകര്യങ്ങളുടെ കുറവ് വലിയ തടസ്സമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടം മാത്രം പോരെന്ന് വിദഗ്ധർ
പുതിയ ലാബ് നിർമ്മിക്കുന്നത് നിർണായക നീക്കമാണെങ്കിലും, അതിനെ ലോകോത്തര ഗവേഷണ കേന്ദ്രമാക്കാൻ ദീർഘകാല നിക്ഷേപവും വിദഗ്ധ മനുഷ്യവിഭവശേഷിയും അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.
മഹാമാരിയുടെ സമയത്ത് മാത്രമല്ല, ആരോഗ്യഭീഷണി കുറഞ്ഞ ‘ശാന്തമായ കാലത്തും’ ഗവേഷണത്തിന് തുടർച്ചയായ ധനസഹായം ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ഒരു പുതിയ കെട്ടിടം നിർമിച്ചതിന് പിന്നാലെ ഗവേഷകരുടെ ശമ്പളം, ഗവേഷണം, പുതിയ ഉൽപ്പന്നങ്ങളുടെ വികസനം എന്നിവയ്ക്കുള്ള തുടർനിക്ഷേപവും ഉറപ്പാക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.
നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിലെ ജീവനക്കാരുടെ കുറവും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ജീവനക്കാരുടെ എണ്ണം കുറച്ചത് ലോകോത്തര ഗവേഷകരെ വീണ്ടും ആകർഷിക്കുന്നതിനുള്ള കാനഡയുടെ ശേഷിയെ ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അതേസമയം, മഹാമാരിക്ക് ശേഷമുള്ള സാഹചര്യത്തിൽ ചില പദ്ധതികൾ പുനഃക്രമീകരിക്കുകയും ചില പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ വ്യക്തമാക്കി. മെഡിക്കൽ കൗണ്ടർമെഷേഴ്സ് ശേഷി വർധിപ്പിക്കുന്നതിനും പ്രീക്ലിനിക്കൽ ഗവേഷണം വികസിപ്പിക്കുന്നതിനും നാഷണൽ മൈക്രോബയോളജി ലബോറട്ടറിക്ക് തുടർച്ചയായ ധനസഹായമുണ്ടെന്നും ഏജൻസി അറിയിച്ചു.

ഭരണത്തിലെ ചുവപ്പുനാടയും ആശങ്ക
പുതിയ ലാബിന്റെ നടത്തിപ്പ് പൂർണമായും സർക്കാർ സംവിധാനത്തിനുള്ളിൽ തന്നെ ഒതുങ്ങിയാൽ ഭരണപരമായ കാലതാമസവും ധനസഹായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുൻ നാഷണൽ മൈക്രോബയോളജി ലബോറട്ടറി ശാസ്ത്രജ്ഞൻ ഗാരി കോബിംഗർ മുന്നറിയിപ്പ് നൽകി.
എബോള വാക്സിൻ വികസനവുമായി ബന്ധപ്പെട്ട കാനഡയുടെ മുൻ അനുഭവം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിച്ചെങ്കിലും സാങ്കേതിക കൈമാറ്റത്തിലും വാണിജ്യവത്കരണത്തിലും നേരിട്ട തടസ്സങ്ങൾ കാരണം അതിന്റെ അവകാശങ്ങൾ പിന്നീട് അമേരിക്കൻ കമ്പനിക്ക് ലൈസൻസ് ചെയ്യുകയായിരുന്നു.
കൊവിഡ് കാലത്ത് മൺട്രിയോളിൽ 130 മില്യൺ ഡോളർ ചെലവിൽ സ്ഥാപിച്ച ബയോളജിക്സ് മാനുഫാക്ചറിങ് സെന്ററിനെയും കോബിംഗർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ നേരിട്ട കാലതാമസം സർക്കാർ പദ്ധതികളിലെ ഭരണപരമായ വെല്ലുവിളികൾ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനായി 2018 മുതൽ കാനഡ ഫെഡറൽ സർക്കാർ 2.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. എന്നാൽ പുതിയ ലാബിന്റെ വിജയം കെട്ടിട നിർമാണത്തിൽ മാത്രം ഒതുങ്ങാതെ ദീർഘകാല ധനസഹായം, വിദഗ്ധരുടെ ലഭ്യത, സർക്കാർ നിയന്ത്രണങ്ങളും ചുവപ്പുനാടയും ഒഴിവാക്കി സ്വയംഭരണ സ്വഭാവത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
