ഡൽഹി: യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ ഡ്രൈവർക്കുള്ള ടിപ്പ് നൽകാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്ന സംവിധാനങ്ങൾ ടാക്സി ആപ്പുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർദേശിച്ചു. യാത്ര പൂർത്തിയായതിന് ശേഷം മാത്രമേ ടിപ്പ് നൽകാനുള്ള ഓപ്ഷൻ യാത്രക്കാർക്ക് ലഭ്യമാക്കാവൂ എന്നാണ് പുതിയ നിർദേശം.
യാത്ര ഉറപ്പാക്കുന്നതിനായി ടിപ്പ് നൽകണമെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളോ ഓപ്ഷനുകളോ ആപ്പുകളിൽ പ്രദർശിപ്പിക്കാനും പാടില്ല. ടിപ്പ് നൽകിയാൽ യാത്ര വേഗത്തിൽ ലഭിക്കുമെന്നോ ഡ്രൈവർ യാത്ര സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നോ സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രേരണകളും അനുവദിക്കില്ല.

2025ലെ Motor Vehicle Aggregator Guidelines പ്രകാരമാണ് മന്ത്രാലയത്തിന്റെ നിർദേശം. ടിപ്പ് പൂർണമായും യാത്രക്കാരന്റെ സ്വമേധയാ ഉള്ള തീരുമാനമായിരിക്കണമെന്നും യാത്ര പൂർത്തിയായ ശേഷമാണ് അത് നൽകേണ്ടതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.യാത്ര പൂർത്തിയായ ശേഷം യാത്രക്കാരൻ നൽകുന്ന ടിപ്പിന്റെ മുഴുവൻ തുകയും യാതൊരു കുറവും വരുത്താതെ ഡ്രൈവറുടെ അക്കൗണ്ടിലെത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ടിപ്പ് നൽകാൻ സമ്മർദത്തിലാക്കുന്നതോ ആയ സംവിധാനങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഊബർ, റാപ്പിഡോ ഉൾപ്പെടെയുള്ള ടാക്സി അഗ്രിഗേറ്റർമാർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ യാത്ര തുടങ്ങുന്നതിന് മുമ്പ് ടിപ്പ് നൽകുന്നത് യാത്ര ലഭിക്കുന്നതിനുള്ള ഒരു ഘടകമായി മാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
