Friday, August 14, 2026

കലൂർ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് ഇടപാട്: 3.68 കോടി നൽകാതെ സ്പോൺസർ; നിയമനടപടിയുമായി റഷ്യൻ കമ്പനി

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണത്തിന്റെ ഭാഗമായി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച റഷ്യൻ കമ്പനിക്ക് കരാർപ്രകാരമുള്ള 3.68 കോടി രൂപ നൽകാതെ സ്പോൺസർ വഞ്ചിച്ചെന്ന പരാതിയിൽ നിയമനടപടി. ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച ലൈറ്റിങ് ടെക്നോളജീസ് എന്ന കമ്പനിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

സ്റ്റേഡിയം നവീകരണത്തിന് 70 കോടി രൂപ ചെലവഴിച്ചതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആറ് കോടിയിലധികം രൂപയുടെ പ്രാഥമിക ക്വട്ടേഷനാണ് ലൈറ്റിങ് ടെക്നോളജീസ് നൽകിയത്. ചർച്ചകൾക്ക് ശേഷം തുക കുറച്ചെങ്കിലും കരാർ തുകയിലെ 1.4 കോടി രൂപ മാത്രമാണ് മുൻകൂറായി ലഭിച്ചതെന്നാണ് കമ്പനിയുടെ പരാതി.

ഐ.എസ്.എൽ മത്സരങ്ങൾക്കായി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന സ്പോൺസറുടെ ആവശ്യപ്രകാരം ലൈറ്റിങ് ടെക്നോളജീസ് നിശ്ചിത സമയത്തിനുള്ളിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കൽ പൂർത്തിയാക്കിയെന്നും കമ്പനി പറയുന്നു. എന്നാൽ ജോലി പൂർത്തിയാക്കി എട്ട് മാസം കഴിഞ്ഞിട്ടും ബാക്കി തുകയായ 3.68 കോടി രൂപ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

പണം ലഭിക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി.സി.ഡി.എ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലൈറ്റിങ് ടെക്നോളജീസ് അധികൃതർ കത്തയച്ചു. ജൂൺ 16ന് സെക്രട്ടറിക്കും തുടർന്ന് ജൂലൈയിൽ ചെയർമാനുമാണ് കമ്പനി കത്തയച്ചത്.

എന്നാൽ, കരാറിൽ ജി.സി.ഡി.എ കക്ഷിയല്ലെന്നും അതിനാൽ തുക നൽകാനുള്ള ബാധ്യത ഏറ്റെടുക്കാനാകില്ലെന്നുമാണ് ജി.സി.ഡി.എയുടെ നിലപാട്.

പണം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലൈറ്റിങ് ടെക്നോളജീസ് വക്കീൽ നോട്ടീസ് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!