അബുദാബി ∙ തണുപ്പറിയിച്ചെത്തുന്ന സുഹൈൽ നക്ഷത്രം ഉദിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ യുഎഇയിൽ വേനൽച്ചൂടിന്റെ കാഠിന്യം തുടരുന്നു. ഓഗസ്റ്റ് 14ന് അൽ ദഫ്റ മേഖലയിലെ ബദാ ദഫാസിൽ ഉച്ചയ്ക്ക് രണ്ടിന് 50.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രിയിൽനിന്ന് ഒരു ഡിഗ്രിയിൽ താഴെ മാത്രമാണ് ഇത്.

വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഘട്ടം പിന്നിടാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തിനായി യുഎഇ നിവാസികൾ കാത്തിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 24നാണ് സുഹൈൽ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി സുഹൈലിന്റെ ഉദയം ചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി കണക്കാക്കുന്നു. എന്നാൽ സുഹൈൽ ഉദിച്ചാൽ ഉടൻ തന്നെ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽ താപനില ക്രമേണ താഴാൻ തുടങ്ങുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതോടെ ചൂടിന്റെ അസ്വസ്ഥത തുടരാം. തെർമോമീറ്ററിൽ രേഖപ്പെടുത്തുന്ന താപനില വേനലിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലേതിനേക്കാൾ കുറവായാലും ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കാമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ മാസം അഞ്ചിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അൽ ദഫ്റയിലെ ബദാ ദഫാസിൽ യുഎഇ സമയം ഉച്ചയ്ക്ക് 12.45നായിരുന്നു ഇത്. ഒന്നിന് അബുദാബിയിലെ അൽ ഷവാമെഖിൽ 50 ഡിഗ്രി പിന്നിട്ടതോടെയാണ് ഈ വർഷം രാജ്യത്ത് ആദ്യമായി അരനൂറ്റാണ്ട് താപനില രേഖപ്പെടുത്തിയത്. ∙ ചൂടിൽ സുരക്ഷയ്ക്ക് ശ്രദ്ധ വേണം ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. നേരിട്ടുള്ള വെയിൽ പരമാവധി ഒഴിവാക്കുകയും പ്രത്യേകിച്ച് ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തുകയും വേണം.
അയഞ്ഞതും ഭാരം കുറഞ്ഞതുമായ ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ചൂടിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. ഉയർന്ന താപനിലയിൽ കഠിനമായ ശാരീരിക അധ്വാനത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കണം. വേനൽക്കാലത്ത് വാഹനത്തിന്റെ ടയറിലെ വായുമർദം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നതും പ്രധാനമാണ്. ∙ ഉച്ചവിശ്രമം ഇനി 30 മാസം കൂടി, തൊഴിലാളികൾക്ക് സംരക്ഷണ നടപടികൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ വിവിധ നടപടികൾ നിലവിലുണ്ട്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ ജോലികളിൽ ഏർപ്പെടുന്ന ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെങ്കിലും തൊഴിലുടമകൾ തണൽ, തണുപ്പിക്കൽ സംവിധാനങ്ങൾ, കുടിവെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ ഒരുക്കണം. ഉച്ചവിശ്രമ സമയത്ത് കാൽനടയായി സാധനങ്ങൾ വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ സമയത്ത് ജോലി ചെയ്യാൻ താൽപര്യമില്ലാത്ത വിതരണ റൈഡർമാരെ നിർബന്ധിച്ച് ജോലി ചെയ്യിക്കാനും പാടില്ല. ഒരാൾക്ക് ഒരേസമയം മൂന്ന് വിതരണ ഓർഡറുകളിൽ കൂടുതൽ നൽകാൻ പാടില്ലെന്നും ആകെ വിതരണ സമയം 60 മിനിറ്റിൽ കവിയരുതെന്നും നിബന്ധനയുണ്ട്.
ദുബായിൽ 8,350 തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് സൗജന്യ ആരോഗ്യപരിശോധന ഇതിനകം ലഭ്യമാക്കി. 28 വിദഗ്ധ ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. ദുബായിലെ വിതരണ റൈഡർമാർക്ക് 5,000 ആരോഗ്യസുരക്ഷാ കിറ്റുകളും നൽകും. വൈദ്യസഹായത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങൾക്കൊപ്പം കൈവീശിപ്പങ്കയും തണുപ്പിക്കൽ തുണിയും കിറ്റിലുണ്ട്. ‘അൽ ഫ്രീജ് ഫ്രിജ്’ പദ്ധതിയുടെ മൂന്നാം പതിപ്പും ദുബായിൽ പുരോഗമിക്കുകയാണ്. സന്നദ്ധപ്രവർത്തകർ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസ്, ശീതളപാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നു. ഇത്തവണ 20 ലക്ഷം സാധനങ്ങൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. യുഎഇയിലാകെ 12,000ത്തിലേറെ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുള്ള ഇവിടങ്ങളിൽ ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമിക്കാം. മൊബൈൽ ഉപകരണങ്ങളിലെ ആപ്പുകളിൽ ലഭ്യമായ ഭൂപടങ്ങൾ വഴി അടുത്ത വിശ്രമകേന്ദ്രം കണ്ടെത്താനും കഴിയും..
