തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും സോഷ്യൽ മീഡിയ കാർഡുകളും ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ വിശദീകരണവുമായി മെറ്റ. എഐ സംവിധാനത്തിൽ നടത്തിയ അപ്ഡേറ്റിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണമായതെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു.
പോസ്റ്റുകൾ നീക്കം ചെയ്തത് സർക്കാരിന്റെയോ മറ്റേതെങ്കിലും ഏജൻസിയുടെയോ നിർദേശപ്രകാരമല്ലെന്നും മെറ്റയുടെ വിശദീകരണത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ സർക്കാർ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയെ വിമർശിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് പിന്നിൽ സർക്കാർ ഇടപെടലുണ്ടായെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിമർശനാത്മക വാർത്തകൾ നീക്കം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും സംഭവത്തിന്റെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സൈബർ പൊലീസ് മെറ്റയോട് വിശദീകരണം തേടിയത്. സാങ്കേതിക തകരാർ പരിഹരിച്ചതോടെ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്ന നടപടിയും ആരംഭിച്ചതായാണ് വിവരം.

റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങിയ വിവിധ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്ത നിരവധി പോസ്റ്റുകൾ ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. റിപ്പോർട്ടർ ചാനലിന്റെ പത്തിലധികം പോസ്റ്റുകൾ പൂർണമായും പുനഃസ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നയാൾ അറസ്റ്റിലായ വാർത്തയും, മത്സ്യത്തൊഴിലാളിയുടെ മകൾ മുഖ്യമന്ത്രിയെ വിമർശിച്ച് സംസാരിക്കുന്ന വാർത്തയും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു.
ബാക്കിയുള്ള പോസ്റ്റുകളും വരും മണിക്കൂറുകളിൽ പൂർണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ നേരിട്ട് പരാതിയൊന്നും ലഭിക്കാതെയാണ് സൈബർ പൊലീസ് മെറ്റയോട് വിശദീകരണം തേടിയത്.
