Wednesday, August 19, 2026

മാസപ്പടി കേസിൽ വഴിത്തിരിവ്; ED റെയ്ഡിൽ വിദേശ പണമിടപാടിന്റെ രേഖകൾ കണ്ടെത്തിയതായി സൂചന

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. വിദേശത്തേക്ക് പണം അയച്ചതിന്റെ രേഖകളും പരിശോധനയിൽ കണ്ടെത്തിയതായി സൂചന.

കോഴിക്കോട് നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. ഫോൺ ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക പിന്നീട് എവിടെയൊക്കെ നിക്ഷേപിച്ചുവെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ ഡി പരിശോധന നടത്തിയത്. വീണാ വിജയൻ, ഭർത്താവും മുൻ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് എന്നിവരുമായി അടുത്ത ബന്ധമുള്ളവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. നിഖിലിന്റെ അശോകപുരത്തെ കോസ്മോസ് ഫ്ലാറ്റിലും ഫറോക്ക് കരുവൻതുരുത്തിയിലെ വീട്ടിലും ഒരേസമയം പരിശോധന നടന്നു. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറായിരുന്ന നന്ദുലാലിന്റെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണാ വിജയനെ ഇ ഡി നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് അന്വേഷണ സംഘം വിശദീകരണം തേടിയിരുന്നു.

ഇടപാടുകളുടെ ഉറവിടം, പണം കൈമാറിയ രീതികൾ, വിദേശത്തേക്കുള്ള പണമിടപാടുകളുടെ സ്വഭാവം എന്നിവ സംബന്ധിച്ചാണ് ഇ ഡി ഇപ്പോൾ കൂടുതൽ പരിശോധന നടത്തുന്നതെന്നാണ് വിവരം. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ വിശദമായ പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ സംബന്ധിച്ച് വ്യക്തത ലഭിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!