Wednesday, August 19, 2026

സൂയസിന് പകരം ആർട്ടിക് കടൽപാത; ഇന്ത്യയും ചരക്ക് ഗതാഗതത്തിന് ഒരുങ്ങുന്നു

ഡൽഹി: സൂയസ് കനാലിന് ബദലായി ആർട്ടിക് മേഖലയിലൂടെയുള്ള നോർത്തേൺ സീ റൂട്ട് (NSR) ഉപയോഗപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അടുത്ത വർഷം ഈ പാതയിലൂടെ റഷ്യയിലേക്ക് ആദ്യ ചരക്ക് കപ്പൽ അയക്കുന്നതിനുള്ള സാധ്യത ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ.

റഷ്യയിലെ അർഖാൻഗെൽസ്‌ക് മേഖലയിലെ അധികൃതർ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. പരമ്പരാഗത സൂയസ് കനാൽ പാതയുമായി താരതമ്യം ചെയ്യുമ്പോൾ നോർത്തേൺ സീ റൂട്ട് ഉപയോഗിച്ചാൽ യാത്രാദൂരത്തിൽ ഏകദേശം 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വടക്കൻ, കിഴക്കൻ യൂറോപ്പിലേക്കുള്ള ചരക്ക് ഗതാഗതത്തിൽ ഏകദേശം രണ്ടാഴ്ച വരെ യാത്രാസമയം ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.

പശ്ചിമേഷ്യൻ സംഘർഷം; ബദൽ പാത തേടി ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരെയുള്ള ഹൂതി ആക്രമണ ഭീഷണിയും സൂയസ് കനാൽ വഴിയുള്ള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ആർട്ടിക് പാതയ്ക്ക് പ്രാധാന്യം വർധിക്കുന്നത്. വേഗതയേറിയതും വ്യത്യസ്തമായൊരു വ്യാപാരപാതയുമായ നോർത്തേൺ സീ റൂട്ട് ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ ബദലാകുമെന്നാണ് വിലയിരുത്തൽ.

ആർട്ടിക് മേഖലയിലെ മഞ്ഞുപാളികൾ കുറയുന്നത് ചില കാലയളവുകളിൽ കപ്പൽ ഗതാഗതത്തിന് കൂടുതൽ സൗകര്യമൊരുക്കുന്നുണ്ട്. ചൈനയും ഇന്ത്യയും നോർത്തേൺ സീ റൂട്ടിൽ വലിയ താൽപര്യം പ്രകടിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രകൃതി വിഭവങ്ങളിലേക്കും അവസരം

ഹൈഡ്രോകാർബണുകൾ, ദ്രവീകൃത പ്രകൃതിവാതകം, നിക്കൽ, ചെമ്പ്, പ്ലാറ്റിനം തുടങ്ങിയ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് റഷ്യയുടെ ആർട്ടിക് മേഖല. അതിനാൽ വ്യാപാരപാതയ്ക്ക് പുറമെ പ്രകൃതിവിഭവ മേഖലകളിലും ഇന്ത്യ-റഷ്യ സഹകരണത്തിന് സാധ്യതയുണ്ട്.

കപ്പൽ നിർമാണം, തുറമുഖ വികസനം, അർഖാൻഗെൽസ്‌ക് മേഖലയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങൾക്കും സഹകരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ കപ്പൽ ഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്. വെങ്കടേശപതി അടുത്തിടെ നടന്ന ആർട്ടിക് ഫോറത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ചെന്നൈ-വ്ലാഡിവോസ്റ്റോക് സമുദ്ര ഇടനാഴി വഴിയുള്ള വ്യാപാരത്തിൽ ഉണ്ടായ വർധനയും ഇന്ത്യ-റഷ്യ സാമ്പത്തിക ബന്ധത്തിലെ പുരോഗതിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയ്ക്ക് മുമ്പേ ചൈനയുടെ ആർട്ടിക് നീക്കം

നോർത്തേൺ സീ റൂട്ടിൽ ഇന്ത്യയേക്കാൾ മുമ്പ് ചൈന സജീവമായിട്ടുണ്ട്. ചൈനീസ് കപ്പൽ കമ്പനിയായ സീ ലെജൻഡ് ഓഗസ്റ്റ് 15 മുതൽ ചൈന-യൂറോപ്പ് ആർട്ടിക് എക്സ്പ്രസ് എന്ന പേരിൽ പ്രതിവാര ചരക്ക് കപ്പൽ സർവീസ് ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കിഴക്കൻ ചൈനയിലെ നിങ്‌ബോ-സൗഷാനെ യുകെയിലെ ഫെലിക്‌സ്റ്റോയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ‘ഐസ് സിൽക്ക് റോഡ്’ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ പാതയിലൂടെ സൂയസ് കനാൽ വഴിയുള്ള 40 ദിവസത്തിലധികം നീളുന്ന യാത്രയ്ക്ക് പകരം ഏകദേശം 18 ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആർട്ടിക് കടൽപാത ഉപയോഗിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വെല്ലുവിളികളും നിരവധി

നേട്ടങ്ങൾക്കൊപ്പം ആർട്ടിക് പാതയ്ക്ക് നിരവധി പരിമിതികളുമുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പാത ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാനാകുന്നത്. കൂടാതെ, ആർട്ടിക് മേഖലയിലെ യാത്രയ്ക്ക് സാധാരണയേക്കാൾ 40 ശതമാനം വരെ ഉയർന്ന ഇൻഷുറൻസ് ചെലവ് വരാൻ സാധ്യതയുണ്ട്.

റഷ്യൻ പൊതുമേഖലാ സ്ഥാപനമായ റോസാറ്റമാണ് പാതയുടെ നിയന്ത്രണവും മഞ്ഞുപാളികൾ തകർത്ത് കപ്പലുകൾക്ക് വഴി ഒരുക്കുന്നതിനുള്ള ഐസ് ബ്രേക്കർ സൗകര്യങ്ങളും നൽകുന്നത്. ഇതും ഗതാഗതച്ചെലവ് വർധിപ്പിക്കുന്ന ഘടകമാണ്.

ആർട്ടിക് മേഖലയിൽ എണ്ണച്ചോർച്ചയുണ്ടായാൽ അത് നിയന്ത്രിക്കുകയും ശുചീകരിക്കുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ അടിയന്തര രക്ഷാപ്രവർത്തനങ്ങളെയും ഇൻഷുറൻസ് സംവിധാനങ്ങളെയും ബാധിക്കാനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നുണ്ട്.

സൂയസ് കനാലിനുള്ള സ്ഥിരം പകരക്കാരനാകാൻ ആർട്ടിക് പാതയ്ക്ക് ഇപ്പോഴും വെല്ലുവിളികളുണ്ടെങ്കിലും, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബദൽ ചരക്ക് പാതകൾ തേടുന്നതിന്റെ പുതിയ അധ്യായമായാണ് നീക്കത്തെ വിലയിരുത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!