ഓട്ടവ: സൗത്ത് ഓട്ടവയിലെ ഗ്രീലിയില്‍ പ്രൊപ്പെയ്ന്‍ ടാങ്കര്‍ ട്രക്ക് മറിഞ്ഞ് വാതകച്ചോര്‍ച്ച. പ്രദേശത്ത് നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പാര്‍ക്ക്വേ റോഡിനും സിഡാര്‍ ലെയ്‌നിനും സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പാരാമെഡിക്സ് അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അപകടസ്ഥലത്തിന് 800 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 60-ലധികം വീടുകളിലെ ആളുകളോട് ഉടനടി ഒഴിഞ്ഞുപോകാന്‍ അഗ്‌നിശമനസേന നിര്‍ദ്ദേശിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3:20-ഓടെ വാതകച്ചോര്‍ച്ച നിയന്ത്രിക്കുകയും ട്രക്ക് വീണ്ടും നിവര്‍ത്തുകയും ചെയ്തതോടെ ഒഴിപ്പിക്കല്‍ പരിധി 300 മീറ്ററായി ചുരുക്കി.

തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ ട്രക്ക് സംഭവസ്ഥലത്ത് നിന്ന് മാറ്റിയതായും ജനങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാമെന്നും ഓട്ടവ പോലീസ് സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്കായി മെഡോ ഡ്രൈവിലെ ഗ്രീലി കമ്മ്യൂണിറ്റി സെന്ററില്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രം തുറന്നിരുന്നു.
