വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ അനുകൂല സംഘടനകളുടെ ഭീമമായ സാമ്പത്തിക എതിര്‍പ്പുകളെയും അപപ്രചാരണങ്ങളെയും അതിജീവിച്ച്, കാലിഫോര്‍ണിയയിലെ 14-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആയിഷ വഹാബ് ചരിത്ര വിജയം നേടി. ഇതോടെ യുഎസ് കോണ്‍ഗ്രസിലേക്ക് തfരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഫ്ഗാന്-അമേരിക്കന്‍ വനിതയായി ആയിഷ വഹാബ് മാറി.
ഡെമോക്രാറ്റ് പാര്‍ട്ടിക്കുള്ളിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ എതിര് സ്ഥാനാര്‍ഥിയായ മെലിസ ഹെര്‍ണാണ്ടസിനെ 20 ശതമാനത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആയിഷ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഏപ്രിലില്‍ പ്രതിനിധി എറിക് സാല്വെല് രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഈ വിധിനിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ്. ഈസ്റ്റ് ബേ മണ്ഡലത്തില്‍ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച നിലവിലെ സ്റ്റേറ്റ് സെനറ്ററായ ആയിഷയ്ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പുറമെ ‘അവര്‍ റെവല്യൂഷന്’ പ്രസ്ഥാനം, ലേബര്‍ യൂണിയനുകള്‍, പ്രാദേശിക ജനപ്രതിനിധികള്‍, അറ്റോര്‍ണി ജനറല്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു.

അനാഥത്വത്തില്‍ നിന്നും ഫോസ്റ്റര്‍ കെയര്‍ ജീവിതത്തില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്കുള്ള തന്റെ ഈ യാത്ര ‘അമേരിക്കന്‍ സ്വപ്നത്തിന്റെ’ സാക്ഷാത്കാരമാണെന്നും, ഒരു അഫ്ഗാന്-അമേരിക്കക്കാരിയെ പ്രതിനിധിയായി തെരഞ്ഞെടുത്ത് ഈ മണ്ഡലം ചരിത്രം കുറിച്ചിരിക്കുകയാണെന്നും വിജയം സ്ഥിരീകരിച്ച ശേഷം ആയിഷ പ്രതികരിച്ചു. എറിക് സാല്‍വെലിന്റെ കാലാവധിയായ അടുത്ത വര്‍ഷം ജനുവരി 20 വരെയാണ് നിലവിലെ കാലാവധിയെങ്കിലും, അടുത്ത നവംബറില്‍ നടക്കുന്ന സമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പില്‍ അവര്‍ ഹെര്‍ണാണ്ടസിനെതിരെ വീണ്ടും ജനവിധി തേടും.
സോവിയറ്റ് അധിനിവേശ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ന്യൂയോര്‍ക്കില്‍ കുടിയേറിയവരായിരുന്നു ആയിഷയുടെ മാതാപിതാക്കള്‍. 1987-ല്‍ ജനിച്ച ആയിഷയ്ക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുകയും തുടര്‍ന്ന് സഹോദരിക്കൊപ്പം ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തില്‍ വളരേണ്ടി വരികയും ചെയ്തു. പിന്നീട് ഒന്‍പതാം വയസ്സിലാണ് ഫ്രീമോണ്ടിലുള്ള ഒരു അഫ്ഗാന്-അമേരിക്കന്‍ ദമ്പതികള്‍ ഇവരെ ദത്തെടുക്കുന്നത്. 2018-ല്‍ ഹേവാര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യുഎസില്‍ പൊതുപദവിയിലെത്തുന്ന ആദ്യ അഫ്ഗാന്-അമേരിക്കന്‍ വനിതയായി ആയിഷ മാറിയിരുന്നു.
അതിനുശേഷം 2022-ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന ബഹുമതിയും അവര്‍ സ്വന്തമാക്കി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റം നിലനിര്‍ത്തിയ ആയിഷയെ തടയാന്‍ ഇസ്രായേല്‍ അനുകൂല ലോബിയായ ഐപാക് (AIPAC) വന്‍തോതില്‍ സാമ്പത്തിക സഹായമാണ് എതിര്‍സ്ഥാനാര്‍ഥിയായ മെലിസ ഹെര്‍ണാണ്ടസിന് നല്‍കിയത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഹെര്‍ണാണ്ടസിനെ പിന്തുണച്ചും ആയിഷക്കെതിരെ പരസ്യങ്ങള്‍ നല്‍കാനും ഐപാക് 50 ലക്ഷത്തിലധികം ഡോളര്‍ ചെലവഴിച്ചതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ‘ട്രാക്ക് ഐപാക്’ വിവരങ്ങള്‍ പ്രകാരം ഹെര്‍ണാണ്ടസിനായി മാത്രം ഏകദേശം 64 ലക്ഷത്തോളം ഡോളറാണ് ലോബി ഗ്രൂപ്പുകള്‍ ചെലവഴിച്ചത്. എന്നാല്‍ ഈ കൂറ്റന്‍ സാമ്പത്തിക വെല്ലുവിളികളെ തകര്‍ത്താണ് ആയിഷ വഹാബ് വിജയം വരിച്ചത്.
