ബാരി: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ വന്ന പുതിയ 50 ശതമാനം താരിഫ് പ്രാദേശിക വ്യവസായങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍. സിംകോ കൗണ്ടിയിലെയും മുസ്കോക്കയിലെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ താരിഫ് സാരമായി ബാധിക്കുമെന്ന് ഒന്റാരിയോയിലെ പീക്കോക്ക് താരിഫ് കണ്‍സള്‍ട്ടിങ്ങിന്റെ ഉടമയും താരിഫ് വിദഗ്ദ്ധനുമായ കൈല്‍ പീക്കോക്ക് മുന്നറിയിപ്പ് നല്കി.
ഓട്ടോമൊബൈല്‍, ക്ഷീരമേഖല, മദ്യവ്യവസായം എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ താരിഫിന്റെ ആഘാതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫര്‍ണിച്ചര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്കൊപ്പം ഹോക്കി ഉപകരണങ്ങള്‍, കായിക വസ്തുക്കള്‍, ഫിഷിങ് ഗിയറുകള്‍, ഗാര്‍ഹിക ഉപഭോഗവസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവയെയും ഇത് ബാധിക്കും. പ്രാദേശിക നിര്‍മ്മാതാക്കളുടെ സപ്ലൈ ചെയിനെ താരിഫ് പൂര്‍ണ്ണമായി ബാധിക്കും.

നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോഴും, നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുമ്പോഴും 50 ശതമാനം നികുതി നല്‍കേണ്ടി വരുന്നത് മേഖലയിലെ വലിയ റീട്ടെയിലര്‍മാരെയും ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളെയും സാരമായി ബാധിക്കും. പ്രശസ്തമായ മഗ്ന (Magna) പ്ലാന്റുകള്‍, ഹോണ്ട, അലുമിനിയത്തെ ആശ്രയിക്കുന്ന ക്രാഫ്റ്റ് ആല്‍ക്കഹോള്‍ ഇന്‍ഡസ്ട്രി എന്നിവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് പീക്കോക്ക് കൂട്ടിച്ചേര്‍ത്തു.
