Tuesday, August 25, 2026

വിമാനം പിന്നിലേക്ക് നീക്കുന്നതിനിടെ അപകടം; മൺട്രിയോൾ വിമാനത്താവളത്തിൽ ജീവനക്കാരന് ദാരുണാന്ത്യം

മൺട്രിയോൾ: മൺട്രിയോൾ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇടിച്ച് ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വിമാനത്താവള അധികൃതരാണ് ചൊവ്വാഴ്ച ജീവനക്കാരന്റെ മരണം സ്ഥിരീകരിച്ചത്.

വിമാനം പിന്നിലേക്ക് നീക്കുന്നതിനിടെയാണ് ഗ്രൗണ്ട് ക്രൂ ജീവനക്കാരനെ ഇടിച്ചതെന്ന് മൺട്രിയോൾ പൊലീസ് അറിയിച്ചു. വൈകുന്നേരം ഏകദേശം 7.30ഓടെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടത്തിൽപ്പെട്ട വിമാനം ഫ്രഞ്ച് വിമാനക്കമ്പനിയായ ഫ്രഞ്ച് ബീ (French Bee) യുടേതാണ്. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് മൺട്രിയോളിൽ നിന്ന് പാരീസിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം പിന്നീട് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തെക്കുറിച്ച് കാനഡയിലെ ഫെഡറൽ സർക്കാർ ഏജൻസിയായ എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ (Employment and Social Development Canada) അന്വേഷണം ആരംഭിച്ചതായി മൺട്രിയോൾ പൊലീസ് അറിയിച്ചു.വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും, യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയക്രമം അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുമായി പൂർണമായി സഹകരിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.ജീവനക്കാരന്റെ വേർപാടിൽ എയർപോർട്ട് അതോറിറ്റിയായ ‘അയ്‌റോപോർട്ട്സ് ഡി മൺട്രിയോൾ’ (ADM) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപകടത്തിന് സാക്ഷികളായ ജീവനക്കാർക്കും യാത്രക്കാർക്കും അടിയന്തര സഹായവും പിന്തുണയും നൽകിയതായും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!