ഓട്ടവ: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ കനേഡിയന്‍ പൗരന്മാരുടെ എണ്ണം 32 ആയി ഉയര്‍ന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ കനേഡിയന്‍ പൗരന്മാര് ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ലെന്നും വിദൂര പ്രദേശങ്ങളില്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിന്യസിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ കനേഡിയന്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തുന്നുണ്ടെന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തിലായ പ്രദേശത്ത് ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണത്തിനും കുടിവെള്ളത്തിനും പുറമെ താല്‍ക്കാലിക പാര്‍പ്പിടം ഉറപ്പാക്കാന്‍ 50 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായം കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയില്‍ നിന്നുള്ള സഞ്ചാരികളെ കണ്ടെത്തുന്നതിനായി നേപ്പാള്‍ ഭരണകൂടവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.പ്രളയത്തില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ സേന. പ്രദേശത്തെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് വിവര ശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ദുരന്തത്തില്‍പ്പെട്ട കനേഡിയന്‍ പൗരന്മാരുടെ കുടുംബങ്ങളുമായി നയതന്ത്ര പ്രതിനിധികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും കാനഡ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും തടസ്സപ്പെട്ട പാതകളും ഗതാഗതയോഗ്യമാക്കാനുള്ള പരിശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് റോഡുകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള സന്നദ്ധ സംഘടനകള്‍ പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എത്തിച്ചേരുന്നുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്താരാഷ്ട്ര സമൂഹവും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
