Monday, August 31, 2026

മെസ്സിയുടെ പേരില്‍ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍; പ്രത്യേക സംഘത്തെ വൈകാതെ പ്രഖ്യാപിക്കും

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസ്സിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ ഉടന്‍ പ്രത്യേക സംഘത്തെ (SIT) പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കള്ളപ്പണ ഇടപാട്, നികുതി വെട്ടിപ്പ്, സര്‍ക്കാര്‍ നടപടികളിലെ വീഴ്ച എന്നിവ എസ്.ഐ.ടി അന്വേഷിക്കും.

ജിഎസ്ടി വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ കരാറുകളില്‍ വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചതായും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സൈബര്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണ സംഘ രൂപീകരണം. സര്‍ക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും.

മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ 2025-ല്‍ നടത്തിയിരുന്ന പ്രഖ്യാപനത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഈ മാസം 12-ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന സംഘത്തിന്റെ അന്വേഷണത്തിന് ശേഷം കേസ് ഇ.ഡി (ED) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് സാധ്യത. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!