ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കടുക്കുന്നതോടെ ഗള്‍ഫ് മേഖലയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ താറുമാറാകുമെന്ന ഭീതി ഉയര്‍ന്നത്. വേനലവധിക്ക് ശേഷം ലക്ഷക്കണക്കിന് പ്രവാസികള്‍ ഗള്‍ഫിലേക്ക് മടങ്ങിയെത്തുന്ന ഘട്ടത്തിലാണ് ഈ പ്രതിസന്ധി.
മേഖലയിലേക്കുള്ള കോണ്‍ഫ്‌ലിക്റ്റ് സോണ്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ (CZIB) സുരക്ഷാ മുന്നറിയിപ്പ് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ഒരു മാസത്തേക്ക് കൂടി നീട്ടി. ദുബായ് അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ യാത്രാത്തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ ദുബായ് വ്യോമപാതയിലെ തിരക്ക് കാരണം സര്‍വീസുകള്‍ വൈകുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. കൊച്ചി-ഫുജൈറ റൂട്ടിലടക്കം സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ നിലവില്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ എമിറേറ്റ്സ്, ഇതിഹാദ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ പ്രധാന കമ്പനികളുടെ ബഹ്റൈന്‍, കുവൈത്ത് സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.

അതിനിടെ, അമേരിക്കന്‍ പൗരന്മാര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യോമപാതകള്‍ അടയ്ക്കാനും വിമാനങ്ങള്‍ റദ്ദാക്കാനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ നടത്താനാണ് നിര്‍ദേശം. വിമാന സര്‍വീസുകള്‍ അനിശ്ചിതത്വത്തിലായതോടെ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് തിരികെ പോകാനിരിക്കുന്ന മലയാളി പ്രവാസികള്‍ വലിയ ആശങ്കയിലാണ്.
