Saturday, September 5, 2026

‘ഇറാനിലെ പിക്കാക്‌സ് മൗണ്ടനില്‍ ആക്രമണം നടത്താന്‍ ഉത്തരവിടും’; ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ നിര്‍ണ്ണായക ആണവനിലയം ലക്ഷ്യമിട്ട് അടിയന്തര സൈനിക നീക്കത്തിന് താന്‍ ഉത്തരവിട്ടേക്കുമെന്ന് ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിക്കാക്‌സ് മലനിരകളിലെ ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രത്തെ സൂചിപ്പിച്ചായിരുന്നു ഓവല്‍ ഓഫീസില്‍ ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചു മാസമായി മേഖലയില്‍ യു.എസ്. നടത്തുന്ന ഇടപെടലുകള്‍ വഴി ഇറാന്റെ ആണവായുധ സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍, ട്രംപിന്റെ ഭീഷണിയെ നിസ്സാരമായി കാണില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ, ഇറാന്റെ സാമ്പത്തിക ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കിഷ് സ്ഥാപനമായ ഗോള്‍ഡന്‍ ഗ്ലോബല്‍ ബാങ്കിന് യു.എസ്. ട്രഷറി ഉപരോധമേര്‍പ്പെടുത്തി. ഒരു നാറ്റോ സഖ്യരാഷ്ട്രത്തിലെ ബാങ്കിന് നേരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

അതിനിടയില്‍, അമേരിക്കന്‍ സൈന്യത്തിന്റെ ആയുധ ക്ഷാമത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ന്ന സംഭവം വാഷിങ്ടണില്‍ വന്‍ വിവാദമായിട്ടുണ്ട്. പെന്റഗണിലെ അമ്പതോളം ഉന്നത ജോയിന്റ് സ്റ്റാഫ് ഉദ്യോഗസ്ഥരെ പോളിഗ്രാഫ് (കള്ളം കണ്ടുപിടിക്കല്‍) പരിശോധനയ്ക്ക് വിധേയമാക്കിയതായി ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ വീഴ്ചയെ ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പര്‍നെല്‍ പ്രതികരിച്ചു.

ഇതിനിടെ, പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ കൂട്ടായ്മ രൂപീകരിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനത്തിന് പിന്തുണയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ് രംഗത്തെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!