തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ. വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഫോറസ്റ്റ് ഓഫീസർമാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റികളുടെ രൂപീകരണം.
ഇതിനുപുറമെ, എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിലും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുക, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, വനഭൂമിയിലെ കയ്യേറ്റം തടയുക എന്നിവയാണ് കമ്മിറ്റികളുടെ പ്രധാന ലക്ഷ്യങ്ങൾ.
നിലവിൽ ഫോറസ്റ്റ് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമായും നടന്നുവരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് കൂടുതൽ വ്യാപിപ്പിക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം.

ഫെൻസിങ്, കിടങ്ങ് നിർമാണം തുടങ്ങിയ പ്രാഥമിക പ്രതിരോധ നടപടികൾ പഞ്ചായത്ത് തലത്തിൽ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പുതിയ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് കഴിയും. പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തര ഇടപെടലുകൾ നടത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
വന്യജീവി ആക്രമണം നേരിടുന്ന 57 നിയമസഭാ മണ്ഡലങ്ങളിലാണ് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുക. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം കണക്കാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വനം വകുപ്പിന്റെയും ഏകോപനം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
