ചെന്നൈ: സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. നടി തൃഷയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ സഭയിൽ ആരുടെയും പേര് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല.
ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ എല്ലാവരും ആത്മപരിശോധന നടത്തണമെന്നും വിജയ് പറഞ്ഞു. ഓരോരുത്തരുടെയും വീടുകളിൽ അമ്മമാരും സഹോദരിമാരുമുണ്ടെന്നും പൊതുവേദികളിൽ ഉപയോഗിക്കുന്ന വാക്കുകൾ സമൂഹം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അനിവാര്യമാണെന്നും പൊലീസ് സേനയെ വെറും അറസ്റ്റ് ചെയ്യുന്ന ഏജൻസിയായി മാത്രം കാണരുതെന്നും വിജയ് വ്യക്തമാക്കി. നിയമം പാലിക്കുന്നവർക്ക് പൊലീസ് സുഹൃത്തും നിയമം ലംഘിക്കുന്നവർക്ക് ശത്രുവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇടപെടാൻ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി.
അതേസമയം, തൃഷയ്‌ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞമാസം ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും നടപടി വിജയ് സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് ഉദയനിധി ആരോപിച്ചിരുന്നു.
