Friday, September 11, 2026

‘ലേക്ക് അമേരിക്ക’യ്ക്ക് പിന്നാലെ ‘ലേക്ക് പെന്‍സില്‍വാനിയ’; ‘ലേക് ഈറി’യുടെ പേര് മാറ്റാന്‍ U.S നീക്കം

വാഷിങ്ടണ്‍: കാനഡ അതിര്‍ത്തിയിലുള്ള പ്രശസ്തമായ ലേക്ക് ഒന്റാരിയോയുടെ (Lake Ontario) പേര് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ, പ്രദേശത്തെ മറ്റൊരു തടാകത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി അമേരിക്കന്‍ ജനപ്രതിനിധി. പ്രമുഖ തടാകമായ ലേക്ക് ഈറിയുടെ (Lake Erie) പേര് മാറ്റി ‘ലേക്ക് പെന്‍സില്‍വാനിയ’ (Lake Pennsylvania) എന്ന് നാമകരണം ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധിയായ ഡേവിഡ് മലോണി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുസംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസ്, ആഭ്യന്തര സെക്രട്ടറി എന്നിവരോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം തയ്യാറാക്കുകയാണെന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള ജനപ്രതിനിധി ഡേവിഡ് മലോണി അറിയിച്ചു. പെന്‍സില്‍വാനിയ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഏക തടാകമാണിത്. സംസ്ഥാനത്തെ വിനോദസഞ്ചാരം, ബോട്ടിങ്, മത്സ്യബന്ധനം എന്നിവയും സാമ്പത്തിക വ്യവസ്ഥയും ഈ തടാകവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒഹായോയ്ക്ക് വലിയ തീരപ്രദേശമുണ്ട്, ന്യൂയോര്‍ക്കിന് മറ്റ് രണ്ട് തടാകങ്ങളുണ്ട്, കാനഡയ്ക്ക് വേറെയും നാല് തടാകങ്ങളുണ്ട്, അതിനാല്‍ പെന്‍സില്‍വാനിയയുടെ പരിധിയിലുള്ള ഈ തടാകത്തിന് ‘ലേക്ക് പെന്‍സില്‍വാനിയ’ എന്ന് പേരിടണമെന്നാണ് മലോണിയുടെ വാദം.

കഴിഞ്ഞ മാസം ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡുമായുള്ള നയതന്ത്ര തര്‍ക്കത്തിന് പിന്നാലെയാണ് ട്രംപ് ലേക്ക് ഒന്റാരിയോയെ ‘ലേക്ക് അമേരിക്ക’ എന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പേര് മാറ്റിയെങ്കിലും കനേഡിയന്‍ ഭരണകൂടവും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഡെമോക്രാറ്റിക് ജനപ്രതിനിധികളും ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇരു രാജ്യങ്ങളുടെയും ചരിത്രത്തിനും മുന്‍പേ നിലവിലുള്ള തടാകത്തിന്റെ പേര് മാറ്റിയ നടപടിയെ കാനഡ തള്ളിക്കളയുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!