എഡ്മിന്റന്‍: ലൈംഗിക അതിക്രമ കേസില്‍ കോടതി വെറുതെവിട്ട ഐസ് ഹോക്കി താരം അലക്‌സ് ഫോര്‍മന്റനുമായി കരാറിലെത്തിയ കാനഡ ഐസ് ഹോക്കി ടീം ‘എഡ്മണ്ടന്‍ ഓയിലേഴ്‌സ്’ പ്രതിസന്ധിയില്‍. താരത്തെ ടീമില്‍ എടുത്ത നടപടി തിരുത്തണമെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒപ്പുവെച്ച ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 19,000-ത്തിലധികം ആളുകള്‍ പിന്തുണ അറിയിച്ചു. ടീമിന്റെ ദീര്‍ഘകാല സൂപ്പര്‍ഫാന്‍ മേരി ലോവന്‍ (‘മാമ സ്റ്റാന്‍ലി’) ആരംഭിച്ച ഈ പ്രതിഷേധത്തിന് ആരാധകരില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഫോര്‍മന്റന്‍ ടീമില്‍ തുടരുന്നിടത്തോളം കാലം താന്‍ ഇനി ഓയിലേഴ്‌സിനെ പിന്തുണയ്ക്കില്ലെന്ന് മേരി ലോവന്‍ വ്യക്തമാക്കി.
2018-ല്‍ ലണ്ടനില്‍ വെച്ച് നടന്ന ഹോക്കി കാനഡ ഗാലയ്ക്ക് ശേഷം ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ ഉള്‍പ്പെട്ട അഞ്ച് കനേഡിയന്‍ വേള്‍ഡ് ജൂനിയര്‍ താരങ്ങളില്‍ ഒരാളായിരുന്നു ഫോര്‍മന്റന്‍. 2025-ല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധി ചോദ്യം ചെയ്യുന്നില്ലെങ്കിലും അതിക്രമങ്ങളെ അതിജീവിച്ചവരെയും ആരാധകരെയും മാനിക്കാത്ത മാനേജ്മെന്റ് തീരുമാനത്തിനെതിരെയാണ് പ്രതിഷേധമെന്ന് ഹര്‍ജിയില്‍ പറയുന്നു. 8,50,000 യു.എസ് ഡോളറിനാണ് ഒരു വര്‍ഷത്തെ കരാറില്‍ ഓയിലേഴ്‌സ് താരത്തെ സ്വന്തമാക്കിയത്.

താരത്തിന്റെ കുറ്റവിമുക്തിയും എന്‍.എച്ച്.എല്‍ (NHL), ഹോക്കി കാനഡ എന്നിവയുടെ അംഗീകാരവും കണക്കിലെടുത്താണ് ഫോര്‍മന്റന് അവസരം നല്‍കിയതെന്ന് ഓയിലേഴ്‌സ് മാനേജ്മെന്റ് ന്യായീകരിച്ചു. എന്നാല്‍, എഡ്മണ്ടന്‍ ഓയിലേഴ്‌സ് അടുത്തിടെയായി വിവാദങ്ങളില്‍ പെട്ട വ്യക്തികളെ ടീമിലേക്ക് കൊണ്ടുവരുന്നത് പതിവാക്കിയിരിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍പ് പുറത്തായ സ്റ്റാന്‍ ബോമാനെ 2024-ല്‍ ജനറല്‍ മാനേജരായി നിയമിച്ചതും, ഒപ്പം കളിക്കാരുടെ സ്വകാര്യത ലംഘിച്ചതിന് അന്വേഷണം നേരിട്ട മൈക്ക് ബാബ്കോക്കിനെ കോച്ചായി നിയമിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
