തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ വൈദ്യുതി ഉപഭോഗം 96.40 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നപ്പോള്‍, തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് അവറുകളിലെ ഉപയോഗം 5000 മെഗാവാട്ട് കടന്നു. പ്രതിസന്ധി ഈ മാസവും തുടരുമെന്ന സൂചന നല്കുന്ന കെഎസ്ഇബി, വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

ഉയര്‍ന്ന വില നല്കി ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് നഗരങ്ങള്‍ ഇരുട്ടിലായതോടെ, സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്. അതിനിടെ, ഉത്പാദനം കുറഞ്ഞതും ഉപഭോഗം കുത്തനെ കൂടിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയര്മാന് എം.ജി. രാജമാണിക്യം വ്യക്തമാക്കി. പുതിയ വൈദ്യുത പദ്ധതികള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, വിപണിയില്‍ നിന്ന് പച്ചക്കറി വാങ്ങുന്നത് പോലെ എളുപ്പമല്ല വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
