Thursday, September 17, 2026

ഇനി എന്നും ഒരേ സമയം; മാനിറ്റോബയില്‍ സമയമാറ്റം നിര്‍ത്തലാക്കുന്നു

മാനിറ്റോബ: വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതിക്ക് സ്ഥിരമായി വിരാമമിടാന്‍ മാനിറ്റോബ. മാണിറ്റോബയില്‍ ഇനിമുതല്‍ ‘ഡെയ്ലൈറ്റ് ടൈം’ (Daylight time) സ്ഥിരമായി തുടരുമെന്ന് പ്രീമിയര്‍ വാബ് കിന്യൂ (Wab Kinew) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ വരുന്ന നവംബര്‍ 1-ന് കാനഡയിലുടനീളം സമയം സ്റ്റാന്‍ഡേര്‍ഡ് ടൈമിലേക്ക് മാറ്റുമ്പോള്‍ മാണിറ്റോബയില്‍ മാറ്റമുണ്ടാകില്ല. ബിസി (British Columbia), യൂക്കോണ്‍, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, ആല്‍ബര്‍ട്ട, സസ്‌കച്വാന്‍ എന്നീ പ്രവിശ്യകള്‍ക്ക് പിന്നാലെയാണ് മാണിറ്റോബയും ഈ നിര്‍ണായക തീരുമാനം കൈക്കൊള്ളുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രവിശ്യയില്‍ സമയം മാറ്റുന്ന വിഷയം പരിഗണനയിലില്ലെന്ന് അറിയിച്ചിരുന്ന പ്രീമിയര്‍, പിന്നീട് പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ മേയ് മാസത്തില്‍ ഒരു സര്‍വേ സംഘടിപ്പിക്കുകയായിരുന്നു. 72,000-ഓളം ആളുകള്‍ പങ്കെടുത്ത സര്‍വേയില്‍ 92 ശതമാനം പേരും സമയം മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ 58 ശതമാനം പേര്‍ സ്ഥിരമായ ഡെയ്ലൈറ്റ് ടൈമിനെ പിന്തുണച്ചപ്പോള്‍ 34 ശതമാനം പേര്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമിനാണ് വോട്ട് ചെയ്തത്.

വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ ഉറക്കത്തെയും ബാധിക്കുന്നുണ്ടെന്ന് പ്രീമിയര്‍ വ്യക്തമാക്കി. സ്ഥിരമായ സമയം നടപ്പിലാക്കുന്നത് പൊതുജനാരോഗ്യം, വ്യാപാരം, കുടുംബങ്ങളുടെ സുഗമമായ ജീവിതരീതി എന്നിവയ്ക്ക് ഗുണകരമാകുമെന്ന് മാണിറ്റോബ ഹെല്‍ത്തിന്റെ പഠന റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു.

1963-ല്‍ ഒഫീഷ്യല്‍ ടൈം ആക്ട് (Official Time Act) നിലവില്‍ വന്നത് മുതലാണ് മാണിറ്റോബയില്‍ ഘടികാര സമയം മാറ്റുന്ന രീതി ഔദ്യോഗികമായി തുടങ്ങിയത്. പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനായി പ്രവിശ്യാ ഭരണകൂടം വിവിധ ബിസിനസ്സ്, വ്യവസായ മേഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!