എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്ന് വിളകള്‍ പൂര്‍ണ്ണമായും നശിച്ചതോടെ പ്രശസ്തമായ പമ്പ്കിന്‍ ഫെസ്റ്റിവല്‍ (Pumpkin Festival) ഉപേക്ഷിക്കാന്‍ തീരുമാനം. എഡ്മിന്റന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘കീവി ഗാര്ഡന് സെന്റര്‍ ആന്റ് നഴ്സറി’ എന്ന ഫാമിലാണ് ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ റെക്കോര്‍ഡ് മഴ വന്‍ കൃഷിനാശം വിതച്ചത്.
സാധാരണയായി ആയിരത്തിലധികം മത്തങ്ങകള്‍ വിളവെടുത്തിരുന്ന സ്ഥാനത്ത് ഇത്തവണ 50-ഓളം ചെറിയ മത്തങ്ങകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായി രണ്ടുതവണ വീണ്ടും വിത്ത് പാകിയെങ്കിലും പ്രളയത്തില്‍ പാടങ്ങള്‍ ഒലിച്ചുപോവുകയും ചോളത്തോട്ടങ്ങള് നശിക്കുകയും ചെയ്യുകയായിരുന്നു.

വെള്ളപ്പൊക്കത്തില്‍ ഫാമിലെ വിവിധ ഭാഗങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികളും ഉപേക്ഷിച്ചതായി ഫാം ഉടമ ആഷ്ലി റിവേറ അറിയിച്ചു. പ്രവിശ്യയിലുടനീളം ചെളി നിറഞ്ഞ പാടങ്ങളില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് വരും വര്‍ഷങ്ങളിലെ മഞ്ഞുകാല ഗോതമ്പ് കൃഷിയെപ്പോലും ദോഷകരമായി ബാധിക്കുമെന്ന് കാര്‍ഷിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
