ഓട്ടവ: കാനഡയില്‍ പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികളുടെ ക്ഷേമത്തിനായി നല്കുന്ന ‘കാനഡ ചൈല്‍ഡ് ബെനഫിറ്റ്’ (Canada Child Benefit) വിതരണ ചെലവില്‍ വന്‍ വര്‍ധനയുണ്ടായതായി പാര്‍ലമെന്ററി ബജറ്റ് ഓഫീസറുടെ (PBO) പുതിയ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ അനെറ്റ് റയാന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2022-23 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളില്‍ ആനുകൂല്യ വിതരണത്തിനായി ഫെഡറല്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയില്‍ 4.2 ബില്യണ്‍ ഡോളറിന്റെ (16 ശതമാനത്തിലധികം) വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 29.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
2022 ജൂണില്‍ കാനഡയിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.1 ശതമാനത്തിലെത്തിയിരുന്നു. ജനജീവിത ചെലവുകള്‍ ഉയര്‍ന്നതോടെ ആനുകൂല്യ തുകയും വര്‍ദ്ധിപ്പിക്കേണ്ടി വന്നു. എന്നാല്‍, ഈ അധിക തുകയുടെ പ്രധാന പങ്കും ലഭിച്ചത് ഏറ്റവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്ക്കല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആനുകൂല്യം കൈപ്പറ്റിയവരില്‍ 70 ശതമാനവും പ്രതിവര്‍ഷം 50,000 ഡോളറോ അതില്‍ കൂടുതലോ വരുമാനമുള്ള കുടുംബങ്ങളായിരുന്നു. ഈ വിഭാഗത്തിന് മാത്രം 14.7 ബില്യണ്‍ ഡോളറാണ് ലഭിച്ചത്. അതേസമയം, പ്രതിവര്‍ഷം 50,000 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ള താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച തുകയുടെ 40 ശതമാനം മാത്രമാണ് ലഭിച്ചത്.

രാജ്യത്തേക്ക് ആളുകളുടെ കുടിയേറ്റം വര്‍ദ്ധിച്ചതും ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഉയര്‍ത്തി. ചൈല്‍ഡ് ബെനഫിറ്റ് കൈപ്പറ്റുന്ന കുടുംബങ്ങളുടെ എണ്ണം 3.7 മില്യണില്‍ നിന്ന് 3.8 മില്യണായി വര്‍ദ്ധിച്ചു. കാനഡയില്‍ 18 മാസം പൂര്‍ത്തിയാക്കിയ താത്കാലിക താമസക്കാരായ (Non-permanent residents) കുടുംബങ്ങളും ഈ പദ്ധതിക്ക് അര്ഹരായതാണ് കുടുംബങ്ങളുടെ എണ്ണം കൂടാന്‍ ഇടയാക്കിയത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ കുടിയേറ്റ നിരക്കുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ പദ്ധതിയുടെ ചെലവ് വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ കുറയുമെന്നാണ് ബജറ്റ് ഓഫീസ് പ്രവചിക്കുന്നത്. 2025-26-ല്‍ ചെലവ് 30.5 ബില്യണ്‍ ഡോളറിലെത്തുമെങ്കിലും, 2026-27-ഓടെ ഇത് 2.5 ശതമാനമായി കുറയുമെന്നും 2030-31 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ചെലവ് 33 ബില്യണ്‍ ഡോളറായി ശമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
