ടൊറന്റോ: അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനത്തിലുണ്ടായിരുന്ന നാല് കനേഡിയൻ പൗരന്മാരുടെ വിവരങ്ങൾ പുറത്തുവിട്ട് യുഎസ് കോസ്റ്റ് ഗാർഡ്. ഒന്റാരിയോ ആസ്ഥാനമായ ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ് സർവീസ് നടത്തിയിരുന്ന ഗൾഫ്സ്ട്രീം G100 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഫിലിപ്പ് ഗ്രിഗറി ചൈൽഡർഹോസ്, തോമസ് ഹെൻറി ഫാർക്വാർ, സാറാ ജെയ്ൻ പാറ്റൺ, ജോലീൻ ബെത്ത് വെയർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ ക്രൂ അംഗങ്ങൾ.
ശനിയാഴ്ച പുലർച്ചെ ബെർമുഡയിൽനിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് പുറപ്പെട്ട വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽവെച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. നാല് കനേഡിയൻ ക്രൂ അംഗങ്ങൾക്ക് പുറമെ ബെർമുഡ സ്വദേശികളായ 66കാരി മെർലിൻ ലാവോൺ ബീനും മകൻ 41കാരനായ സെർജിയോ വെയ്ൻ ലോട്ടിമോറും വിമാനത്തിലുണ്ടായിരുന്നു.
നാൻറ്റക്കറ്റ് തീരത്തിന് സമീപം ഏകദേശം 11,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ യുഎസ് കോസ്റ്റ് ഗാർഡും നാഷണൽ ഗാർഡും സംയുക്തമായി തിരച്ചിൽ നടത്തി. ഹെലികോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി.

വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ് അറിയിച്ചു. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികളിലേക്ക് അധികൃതർ കടന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നതായി യുഎസ് കോസ്റ്റ് ഗാർഡ് നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കമാൻഡർ അറിയിച്ചു. കനേഡിയൻ ക്രൂ അംഗങ്ങളുടെ സേവനങ്ങളെ ബെർമുഡ പ്രീമിയറും ആരോഗ്യ മന്ത്രിയും അനുസ്മരിച്ചു. ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.
വിമാനം കാനഡയിൽ രജിസ്റ്റർ ചെയ്തതായതിനാൽ കാനഡ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണത്തിൽ പങ്കാളിയാണ്. വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടം നടന്ന പ്രദേശത്ത് കടലിന് ഏകദേശം 80 മുതൽ 90 അടി വരെ ആഴമുണ്ട്. വിമാനത്തിന്റെ നിർണായക വിവരങ്ങൾ ലഭ്യമാക്കുന്ന ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താനായിട്ടില്ല. കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുന്ന സോണാർ സംവിധാനങ്ങളുള്ള പ്രത്യേക കപ്പലുകൾ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.
