ഓട്ടവ: സസ്കച്വാന്‍ കാനഡ വിട്ട് സ്വതന്ത്രമാകണമെന്ന ഇലോണ്‍ മസ്കിന്റെ നിര്‍ദ്ദേശം പരസ്യമായി തള്ളി പ്രവിശ്യാ പ്രീമിയര്‍ സ്കോട്ട് മോ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയാണ് (X) മസ്കിന്റെ നിര്‍ദ്ദേശത്തിന് സ്കോട്ട് മോ മറുപടി നല്‍കിയത്.
കെബെക്, ആല്‍ബര്‍ട്ട, സസ്കച്വാന്‍ എന്നീ പ്രവിശ്യകള്‍ കാനഡയില്‍ നിന്ന് വേര്‍പിരിയണമെന്ന് അഭിപ്രായപ്പെട്ട് മസ്ക് പങ്കുവെച്ച പോസ്റ്റിനോടായിരുന്നു സ്കോട്ട് മോയുടെ പ്രതികരണം. കെബെക്കിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന പുതിയ പ്രീമിയര്‍ പൊരുള്‍ പ്ലാമോണ്ടന്റെ പ്രസ്താവനയോട് അനുകൂലമായി പ്രതികരിച്ച മസ്ക്, ‘നല്ല കാര്യം, കെബെക് വേര്‍പിരിയണം. അതുപോലെ ആല്‍ബര്‍ട്ടയും സസ്കച്വാനും വേര്‍പിരിയുന്നതാണ് നല്ലത്’ എന്ന് പ്രതികരിക്കുകയായിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘ഇല്ല’ (No) എന്ന് ഒറ്റവാക്കില്‍ പ്രീമിയര്‍ മറുപടി നല്കി.
നേരത്തെയും സസ്കച്വാന്‍ കാനഡയില്‍ നിന്ന് വേര്‍പിരിയുന്നതിനെ സ്കോട്ട് മോ എതിര്‍ത്തിട്ടുണ്ടെങ്കിലും, അയല്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ റഫറണ്ടത്തില്‍ വേര്‍പിരിയല്‍ വിഷയം ഉള്‍പ്പെടുത്താനുള്ള പ്രീമിയര്‍ ഡാനിയല്‍ സ്മിത്തിന്റെ അവകാശത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.

ജനഹിതപരിശോധനയുമായി ബന്ധപ്പെട്ട് സസ്കച്വാനിലും സമാനമായ നിയമങ്ങളുണ്ടെന്നും ഭാവിയില്‍ ജനങ്ങളില്‍ നിന്ന് അത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു.
