Thursday, October 8, 2026

ശൈത്യകാലത്തിന് മുമ്പ് ഭവനരഹിതർക്ക് തണലൊരുക്കാൻ സഡ്ബറി; 2 പുതിയ പദ്ധതികൾക്ക് തുടക്കം

ടൊറന്റോ: ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിനും സ്ഥിരതാമസ സൗകര്യം ഒരുക്കുന്നതിനുമായി ഗ്രേറ്റർ സഡ്ബറി നഗരസഭ രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഫെഡറൽ സർക്കാരിൽ നിന്ന് ലഭിച്ച 2.5 മില്യൺ ഡോളർ ധനസഹായം ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്ത് തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം.

പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും ഭവനരഹിതർ നേരിടുന്ന പ്രശ്നങ്ങളും വിലയിരുത്തിയ ശേഷമാണ് നഗരസഭ ഫെഡറൽ ഫണ്ടിനായി അപേക്ഷിച്ചത്. സമൂഹത്തിലെ നിലവിലുള്ള സേവന വിടവുകൾ നികത്താൻ പദ്ധതികൾ സഹായിക്കുമെന്ന് നഗരസഭയുടെ ഹൗസിങ് സർവീസസ് ആൻഡ് ഹോംലെസ്‌നെസ് ഡയറക്ടർ ജാക്ലിൻ സീലർ പറഞ്ഞു. 2028 മാർച്ച് വരെ പദ്ധതികളുടെ പ്രവർത്തനം തുടരും.

മുതിർന്ന ഭവനരഹിതർക്ക് പ്രത്യേക പരിഗണന

‘പാത്ത്‌വേസ് ടു സ്റ്റബിലിറ്റി: ബ്രിഡ്ജ് ഹൗസിങ് ഫോർ ഓൾഡർ അഡൾട്ട്സ് വിത്ത് കോംപ്ലക്സ് നീഡ്സ്’ എന്ന പദ്ധതിയിലൂടെ ആരോഗ്യപ്രശ്നങ്ങളും മറ്റ് സങ്കീർണമായ ബുദ്ധിമുട്ടുകളും നേരിടുന്ന മുതിർന്ന ഭവനരഹിതർക്ക് ദീർഘകാല താമസസൗകര്യം ഒരുക്കും.

സഡ്ബറിയിൽ മാത്രം നൂറിലധികം മുതിർന്നവർ തെരുവുകളിലും ടെന്റുകളിലുമായി ഭവനരഹിതരായി കഴിയുന്നുണ്ടെന്ന് സഡ്ബറി ഹോംലെസ്‌നെസ് നെറ്റ്‌വർക്ക് കോർഡിനേറ്റർ റേ ലാൻഡ്രി പറഞ്ഞു.

തെരുവിൽ കഴിയുന്നവർക്കും സഹായം

‘പാത്ത്‌വേസ് ഹോം: എ ഹൗസിങ്-ഫോക്കസ്ഡ് റെസ്‌പോൺസ് ടു അൺഷെൽട്ടേർഡ് ഹോംലെസ്‌നെസ്’ എന്ന രണ്ടാമത്തെ പദ്ധതിയിൽ തെരുവുകളിലും ടെന്റുകളിലും വാഹനങ്ങളിലും സുരക്ഷിതമല്ലാത്ത മറ്റ് ഇടങ്ങളിലും കഴിയുന്നവരെ ഉൾപ്പെടുത്തും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ താൽക്കാലികമായി കഴിയുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ആറുമാസമോ അതിൽ കൂടുതലോ കാലമായി ഭവനരഹിതരായി കഴിയുന്നവരെയാണ് ഭവനരഹിതരുടെ പട്ടികയിൽ നിലവിൽ ഉൾപ്പെടുത്തുന്നത്. നഗരസഭയുടെ കോർഡിനേറ്റഡ് ആക്സസ് സംവിധാനത്തിലൂടെയായിരിക്കും പദ്ധതികളിലേക്ക് അർഹരായവരെ കണ്ടെത്തുക.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം വരെ ഇൻഡോർ താമസസൗകര്യം നൽകുകയും തുടർന്ന് ദീർഘകാല സ്ഥിരതാമസത്തിലേക്ക് മാറ്റുന്നതിനുള്ള സഹായം നൽകുകയും ചെയ്യും. പദ്ധതികൾക്കായുള്ള സ്ഥലങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും നഗരസഭ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!