Friday, October 9, 2026

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങളാണ് പുറത്തുവിട്ടത്.വിമാനത്താവളത്തിന് നേരെ രണ്ട് ഘട്ടങ്ങളായാണ് ആക്രമണം നടന്നതെന്നാണ് വിവരം.

വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെയും കെട്ടിടങ്ങളെയുമാണ് ആദ്യത്തെ ആക്രമണം ലക്ഷ്യമിട്ടത്. റിയാദ് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന സൗദിയ എയര്‍ലൈന്‍സിന്റെ വിമാനത്തിന് നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. കൊല്ലപ്പെട്ടവരില്‍ സൗദിയ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അല്‍-ഖല്‍തമിയും ഉള്‍പ്പെടുന്നു. എയര്‍ലൈന്‍സ് കമ്പനി തങ്ങളുടെ പൈലറ്റിന്റെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണം നടക്കുമ്പോള്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്മാരാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കി. അതേസമയം, ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു. ഹൂതികളുടെ മൂന്ന് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി സഖ്യസേന വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലവില്‍ സാധാരണ നിലയിലായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!