Saturday, October 10, 2026

CJP സമരത്തെ അജിന്‍ക്യ ഷിന്‍ഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാന്‍ നിര്‍ദേശം

ഡല്‍ഹി: സിജെപി (CJP) പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെയ്ക്ക് കൈമാറി. അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുന്‍നിര നേതാക്കളെയെല്ലാം ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഈ നിര്‍ണായക നീക്കം. തങ്ങള്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസ്സിലാക്കി അഭിജീത് ദീപ്‌കെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് ഈ വിവരവും സമരാഹ്വാനവും അറിയിച്ചത്. സിജെപിയുടെ ഔദ്യോഗിക ‘എക്‌സ്’ (X) പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അജിങ്ക്യാ ഷിന്‍ഡെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പൊലീസോ അധികൃതരോ എവിടെ തടയുന്നുവോ അവിടെത്തന്നെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ലക്ഷ്യം കാണുന്നത് വരെ തുടരാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ആരാണ് അജിങ്ക്യ ഷിന്‍ഡെ?

സിജെപിയുടെ ദേശീയ സംഘടനാ ചുമതല വഹിക്കുന്ന 35-കാരനായ അജിങ്ക്യ ഷിന്‍ഡെ, അഭിജിത് ദീപ്‌കെയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നേരത്തെ ആം ആദ്മി പാര്‍ട്ടി (AAP) യുവജന വിഭാഗത്തിന്റെ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനായും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ഷിന്‍ഡെയായിരുന്നു.

2016 മുതല്‍ അഭിജിത് ദീപ്‌കെയുമായി സൗഹൃദത്തിലായ ഇദ്ദേഹം, സിജെപിയുടെ രൂപീകരണ ഘട്ടം മുതല്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാണ്. നീറ്റ് (NEET) ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിജെപി സംഘടിപ്പിച്ച ആദ്യ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഷിന്‍ഡെ, സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘സ്‌കൂള്‍ ടീക്ക് കരോ’ ക്യാമ്പെയ്‌നിന്റെ മുന്‍നിരയിലും ഉണ്ടായിരുന്നു. ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിനും നേതൃത്വം നല്‍കിയത് അജിങ്ക്യ ഷിന്‍ഡെയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!