Monday, October 12, 2026

വിദൂര ജനവാസ മേഖലകള്‍ക്ക് ആശ്വാസം; ഓട്ടവയില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ തുറന്നു

ഓട്ടവ: കാനഡയിലെ വിദൂര വടക്കന്‍ മേഖലകളിലുള്ള ജനങ്ങള്‍ക്ക് ആശ്വാസമായി ഓട്ടവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ തുറന്ന് ‘കനേഡിയന്‍ നോര്‍ത്ത്’. ഭക്ഷണവും മരുന്നും അടക്കമുള്ള അത്യന്താപേക്ഷിത വസ്തുക്കള്‍ വേഗത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. നുനാവുട്ട്, നുനാവിക്, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നിവടങ്ങളിലെ ഇരുപതിലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് കനേഡിയന്‍ നോര്‍ത്ത്.

കമ്പനിയുടെ വളര്‍ച്ചയിലും സേവന മികവിലും ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് സി.ഇ.ഒ ഷെല്ലി ഡി കരിയ പറഞ്ഞു. റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ സാധിക്കാത്ത വടക്കന്‍ പ്രദേശങ്ങളിലേക്ക് ആഴ്ചതോറും ആയിരക്കണക്കിന് പെട്ടികളിലാണ് ഭക്ഷ്യവസ്തുക്കളും അടിയന്തര വൈദ്യസഹായ സാമഗ്രികളും വ്യവസായങ്ങള്‍ക്കാവശ്യമായ മറ്റ് വസ്തുക്കളും ഇവര്‍ വിമാനമാര്‍ഗ്ഗം എത്തിക്കുന്നത്. കെബെക്കിലെ കുജ്ജുവാകില്‍ ജനിച്ച് വളര്‍ന്ന വ്യക്തി എന്ന നിലയില്‍ ഈ അടിസ്ഥാന സൗകര്യ വികസനം പ്രദേശവാസികള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഷെല്ലി ഡി കരിയ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ‘നാഷണല്‍ ട്രേഡ് കോറിഡോര്‍ ഫണ്ടില്‍’ നിന്ന് 1.1 കോടി കനേഡിയന്‍ ഡോളര്‍ സാമ്പത്തിക സഹായത്തോടെയാണ് കാര്‍ഗോ സമുച്ചയത്തിന്റെ വികസന പദ്ധതി പൂര്‍ത്തിയാക്കിയത്. വടക്കന്‍ ആര്‍ട്ടിക് മേഖലയിലെ സുരക്ഷയ്ക്കും പരമാധികാരത്തിനും ചരക്കുകളുടെ സുരക്ഷിതമായ ഗതാഗതം അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി വ്യക്തമാക്കി.

പുതിയ കേന്ദ്രം നിലവില്‍ വന്നതോടെ പൊതു കാര്‍ഗോ സംഭരണ ശേഷി 40 ശതമാനവും കോള്‍ഡ് സ്റ്റോറേജ് ശേഷി ഇരട്ടിയോളമായും വര്‍ധിച്ചിട്ടുണ്ട്. ചരക്കുകള്‍ അതിവേഗം വിമാനങ്ങളില്‍ കയറ്റാനും ഇറക്കാനും സാധിക്കുന്നതോടെ മുന്‍പ് ഒരു മണിക്കൂര്‍ വരെ ഉണ്ടായിരുന്ന ട്രക്കുകളുടെ കാത്തിരിപ്പ് സമയം ഇനി കേവലം 5 മുതല്‍ 10 മിനിറ്റായി കുറയുമെന്ന് ക്രൗണ്‍-ഇന്‍ഡിജിനസ് റിലേഷന്‍സ് മന്ത്രി റബേക്ക ആള്‍ട്ടി ചൂണ്ടിക്കാട്ടി. അവശ്യവസ്തുക്കള്‍ കേടുപാടുകള്‍ കൂടാതെ വേഗത്തിലും പുതിയതായും വിദൂര ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് പുതിയ സമുച്ചയത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!