Tuesday, October 20, 2026

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്തി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ

ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട അച്ചടക്കലംഘനത്തെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. 30 ദിവസത്തെ വിലക്കേർപ്പെടുത്തി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 285 ഡോളർ) പിഴയും ചുമത്തി. ഈ മാസം നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായായിരുന്നു പ്ലേയിംഗ് ഇലവനിൽ ഇറക്കാത്തതിന്‍റെ പേരില്‍ റൊണാള്‍ഡോ കലഹിച്ച് പരിശീലന ക്യാംപ് വിട്ടത്.

നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതും പകരക്കാരനായി പോലും കളത്തിലിറക്കാതിരുന്നതും അതൃപ്തിക്ക് കാരണമായി. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ജോർജ്ജ് ജീസസുമായി താരത്തിന്റെ പങ്കിനെച്ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി ഇതിന് പിന്നാലെ താരം ക്യാമ്പിൽ നിന്ന് പോകുകയുമായിരുന്നു.

പരിശീലകനുമായി ഭിന്നത

ടീമിലെ തന്റെ സ്ഥാനവും കളിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലകൻ ഉറപ്പുനൽകിയിരുന്നുവെന്നും പിന്നീട് ആ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് റൊണാൾഡോ ആരോപിച്ചത്. എന്നാൽ, താരവുമായി അത്തരത്തിലുള്ള കരാറോ ധാരണയോ ഉണ്ടായിരുന്നില്ലെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് വ്യക്തമാക്കി. ഭിന്നതകൾക്കിടയിലും റൊണാൾഡോയ്ക്ക് ടീമിലേക്ക് മടങ്ങിവരാനുള്ള വാതിലുകൾ പൂർണമായി അടച്ചിട്ടില്ലെന്ന് പരിശീലകൻ സൂചിപ്പിച്ചു.

പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് റൊണാൾഡോ

പരിശീലന ക്യാമ്പ് വിട്ട സംഭവത്തിൽ റൊണാൾഡോ പിന്നീട് ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറഞ്ഞിരുന്നു. ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ പെരുമാറ്റം ഉചിതമായിരുന്നില്ലെന്ന് താരം സമ്മതിച്ചിരുന്നു. അച്ചടക്കനടപടി സ്വീകരിച്ചാൽ അത് അംഗീകരിക്കുമെന്നും താരം അറിയിച്ചിരുന്നു. വിലക്ക് പൂർത്തിയാക്കിയ ശേഷം പോർച്ചുഗൽ ദേശീയ ടീമിനായി വീണ്ടും കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് 41-കാരനായ താരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!