എഡ്മിന്റന്‍: ആല്‍ബര്‍ട്ടയിലെ സ്‌കൂളുകളില്‍ പ്രവിശ്യാ, ദേശീയ പതാകകള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം നിലവില്‍ വരുന്നു. വരുന്ന ജനുവരി 4 മുതല്‍ ആല്‍ബര്‍ട്ട പ്രവിശ്യയുടെ പതാകയും കനേഡിയന്‍ ദേശീയ പതാകയും മാത്രമേ സ്‌കൂളുകള്‍ക്ക് പുറത്ത് ഉയര്‍ത്താന്‍ അനുവദിക്കൂ. അധ്യയന വര്‍ഷത്തില്‍ ഈ രണ്ട് പതാകകളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
ക്ലാസ് മുറികളില്‍ നിന്ന് രാഷ്ട്രീയം ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ആല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പഠനത്തിലും ഭാവി രൂപപ്പെടുത്തുന്നതിലുമാണ് സ്‌കൂളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, ഭിന്നതയുണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ പെട്ടുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരേണ്ടിയിരുന്ന ഈ നിയമം, ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി നീട്ടിവെക്കുകയായിരുന്നു. പ്രൈഡ് പതാക (Pride flag) പോലുള്ളവ വിലക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയാണെന്ന് വിമര്‍ശകര്‍ വാദിച്ചിരുന്നു. ആല്‍ബര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍ (ATA) പ്രസിഡന്റ് ജേസണ്‍ ഷില്ലിംഗും ഇതിനെതിരെ രംഗത്തുവന്നിരുന്നു.
എന്നാല്‍ വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിന് പൂര്‍ണ്ണ തടസ്സമില്ലെന്ന് മന്ത്രി നിക്കോളൈഡീസ് വ്യക്തമാക്കി. ഫ്രാങ്കോ-ആല്‍ബര്‍ട്ടന്‍ പതാകകള്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് ടീമുകളുടെ പതാകകള്‍ പ്രത്യേക ദിവസങ്ങളില്‍ ഉയര്‍ത്താന്‍ അനുമതിയുണ്ടാകും. അതുപോലെ ഫസ്റ്റ് നേഷന്‍സ് (First Nation), മെറ്റിസ് (Métis), വിദേശ രാജ്യങ്ങളുടെ പതാകകള്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളിലോ ആഘോഷങ്ങളിലോ ഉപയോഗിക്കാം. എന്നാല്‍ പ്രവിശ്യാ നിയമത്തില്‍ ഉള്‍പ്പെടാത്ത മറ്റ് പതാകകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഒരു വ്യക്തിയുടെ വസ്ത്രത്തിലോ വ്യക്തിഗത വസ്തുക്കളിലോ ഉള്ള പതാകകള്‍ക്ക് ഈ നിയമം ബാധകമല്ലെന്നും ഭരണകൂടം അറിയിച്ചു.
